brie-duval

കോമയിൽ നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയപ്പോൾ തന്റെ പ്രിയപ്പെട്ടയാൾ ഉപേക്ഷിച്ചുപോയി എന്ന അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കൂ. എത്രമാത്രം വേദനാജനകമായിരിക്കും അത്. എന്നാൽ ബ്രീ ഡുവലിൻ എന്ന 25കാരിയുടെ ജീവിതത്തിൽ ഇത് സംഭവിച്ചിരിക്കുകയാണ്. ഓസ്ട്രേലിയക്കാരിയായ ബ്രീ ഡുവലിൻ കാനഡയിലെ ഒരു വലിയ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. നാല് വർഷമായി അവൾ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു.കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഡുവലിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്.

സുഹൃത്തുക്കളുമായി രാത്രി യാത്ര ചെയ്യുന്നതിനിടെ അവൾ നടപ്പാതയിൽ നിന്ന് വീഴുകയായിരുന്നു. നിർമാണപ്രവർത്തനങ്ങൾക്കായി എടുത്തിരുന്ന വലിയ കുഴിയിലേയ്ക്കാണ് ഡുവലിൻ വീണത്. ഉടൻ തന്നെ എയർലിഫ്റ്റ് ചെയ്ത് ആൽബെർട്ട യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയെങ്കിലും മസ്തിഷ്ക ക്ഷതമേറ്റിരുന്നു. കൂടാതെ ശരീരത്തിൽ പല എല്ലുകളും ഒടിഞ്ഞു. അങ്ങനെ നാലാഴ്ചയാണ് ഐസിയുവിൽ ഡുവലിൻ കിടന്നത്. ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനുള്ള സാദ്ധ്യത വെറും പത്ത് ശതമാനമാണെന്നും ഡോക്ടർമാർ അവളുടെ അമ്മയെ അറിയിച്ചു. എന്നാൽ മൂന്നാഴ്ചയ്ക്കുള്ളിൽ അത്ഭുതകരമായ മാറ്റം അവളിൽ ഉണ്ടാവുകയായിരുന്നു. പിന്നീട് ഓർമക്കുറവുണ്ടായിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ അവളെല്ലാം ഓർത്തെടുത്തു. എന്നാൽ പൂർണമായും ആരോഗ്യവതിയായി ഫോൺ കയ്യിൽ കിട്ടിയപ്പോഴാണ് അവൾ തകർന്നുപോയത്. നാല് വർഷമായി ഒന്നിച്ച് താമസിച്ചിരുന്ന തന്റെ കാമുകൻ ബ്ലോക്ക് ചെയ്തിരിക്കുന്നു. കൂടാതെ അയാൾ മറ്റൊരാളുമായി പ്രണയത്തിലായിരിക്കുന്നു.

'അവസാനം എനിക്കെന്റെ ഫോൺ തിരികെ കിട്ടി. ആദ്യം തോന്നിയത് അവനെ വിളിക്കണം എന്നായിരുന്നു. എനിക്ക് സംഭവിച്ചത് അവനറിഞ്ഞിരുന്നോ എന്ന് പോലും അറിയില്ലായിരുന്നു. അങ്ങനെ അവന് ഞാൻ മെസേജ് അയച്ചു. അപ്പോൾ, ഞാനവന്റെ പങ്കാളിയാണ്. ഞാനും മകനും ഇപ്പോൾ അവനൊപ്പമാണ് താമസിക്കുന്നത്. ദയവായി ഇനി ഇങ്ങോട്ട് കോണ്ടാക്ട് ചെയ്യാൻ ശ്രമിക്കരുത് എന്നായിരുന്നു പുതിയ കാമുകി നൽകിയ മറുപടി'- ഡുവലിൻ പറഞ്ഞു.

കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഡുവലിന്റെ മാതാപിതാക്കൾക്കും അവൾക്കരികിലെത്താൻ സാധിച്ചില്ല. ഫോണിലൂടെയായിരുന്നു അവർ ഡോക്ടർമാരിൽ നിന്ന് മകളുടെ വിവരങ്ങൾ അറിഞ്ഞിരുന്നത്. പ്രിയപ്പെട്ടവരാരും ഒപ്പമില്ലാതെ ഇത്രയും വേദന അനുഭവിച്ചാണ് ഡുവലിൻ, ട്രൊമാറ്റിക് ബ്രെയിൻ ഇൻജ്വറി എന്ന അവസ്ഥയിലൂടെ കടന്നുപോയത്.