
മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയം നഗരത്തിൽ പങ്കെടുക്കുന്ന പരിപാടിയ്‌ക്ക് അത്യപൂർവമായ സുരക്ഷയൊരുക്കിയ പൊലീസ് നടപടിയിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രി കോട്ടയത്തെ കെജിഒഎ സമ്മേളനത്തിൽ പ്രസംഗിച്ചതിനെ പരിഹസിച്ച രാഹുൽ മാങ്കൂട്ടത്തിൽ ഡയലോഗ് കൊളളാമെന്നും പിന്നെന്തിനാണ് ഈച്ചയെ വരെ പരിശോധിച്ച് വിടുന്നതരത്തിൽ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചതെന്ന് ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. ഇങ്ങനെ പേടിക്കാതെ സിഎമ്മേ എന്ന പരിഹാസവും രാഹുൽ ഉയർത്തുന്നുണ്ട്.
മുഖ്യമന്ത്രിയുടെ പരിപാടിയെ തുടർന്ന് കെ.കെ റോഡിലും കോട്ടയം ജനറൽ ആശുപത്രിക്ക് സമീപത്തെ റോഡിലും പൊലീസ് രാവിലെ 8.30 മുതൽ തന്നെ ഗതാഗതം തടഞ്ഞു. ഇത് രാവിലെ ഓഫീസിലും സ്‌കൂളുകളിലും പോകേണ്ടവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. രോഗികൾ വരെ വിഷമിച്ചു. ഇതിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച രണ്ട് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു. പത്തോളം വാഹനങ്ങളാണ് മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹത്തിലുളളത്.
ഇതിനിടെ യോഗത്തിൽ പ്രസംഗിച്ച മുഖ്യമന്ത്രി തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പരോക്ഷമായി മറുപടി നൽകി. 'എന്തും പറയുന്നവരുടെ പിന്നിലുളളത് ആരായാലും കണ്ടെത്തും. ഏത് കൊലകൊമ്പനായാലും കണ്ടെത്തും. വിരട്ടാനൊന്നും നോക്കേണ്ട' എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം ചുവടെ:
'വിരട്ടലൊന്നും വേണ്ട, ഇത് വേറെ ജനുസ്സാണ്'
ഡയലോഗ് കൊള്ളാം, പിന്നെന്തിനാണ് ഈച്ചയെ വരെ പരിശോധിച്ച് കടത്തി വിടുന്ന തരത്തിൽ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചത്.
ഇങ്ങനെ പേടിക്കാതെ സീയെമ്മെ...!