kochi-metro

കൊച്ചി: മെട്രോ സ്‌റ്റേഷനുകളിൽ ഇപ്പോൾ ആഘോഷപ്രതീതി. മെട്രോയുടെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മെട്രോ മെഗാഫെസ്റ്റിവൽ യാത്രക്കാരും കൊച്ചി​ക്കാരും ഏറ്റെടുത്ത മട്ടാണ്. ഈ മാസം ഒന്നാം തീയതി ആരംഭിച്ച ഫെസ്റ്റ് 18ന് അവസാനിക്കും.

ഫെസ്റ്റിനോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബും സംഗീത വിരുന്നുമെല്ലാം കാണാൻ ആളുകളേറെയുണ്ട്. ആലുവ സ്റ്റേഷനിൽ നടന്ന പുല്ലാങ്കുഴൽ കച്ചേരി, ഇടപ്പള്ളിയിൽ അംഗപരിമിതർ അവതരിപ്പിച്ച ഗാനമേള തുടങ്ങിയവയ്ക്കും ആസ്വാദകരേറെയുണ്ടായിരുന്നു.

ഫൺഗെയിമുകളിൽ നിരവധി കുട്ടികളും യുവാക്കളും പങ്കെടുക്കുന്നുണ്ട്. ട്രഷർ ഹണ്ട് മത്സരങ്ങൾക്കും പ്രിയമേറെ. സിമാറ്റിക് മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടിയുംകോലും ഉൾപ്പടെയുള്ള പഴയകാല കളികളിൽ നിരവധി മുതിർന്നവരും പങ്കെടുക്കുന്നു. മത്സര പരിപാടികളിൽ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ലഭി​ക്കും.

• 18ന് കലൂരി​ൽ പെറ്റ് ഷോ

മെഗാ ഫെസ്റ്റിൽ 18ന് കലൂർ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ പെറ്റ് ഷോയുമുണ്ട്. പെറ്റ് ഗ്രൂമിംഗ് സ്ഥാപനവുമായി​ ചേർന്നാണ് പ്ലസ് പപ്പി ഡ്രസ് അപ് യുവർ പെറ്റ്സ് എന്ന പേരിലുള്ള ഷോ.

• 17ന് അഞ്ച് രൂപ

മെട്രോയുടെ അഞ്ചാം പി​റന്നാൾ ദി​നമായ ജൂൺ​ 17ന് അഞ്ച് രൂപയ്ക്ക് ടി​ക്കറ്റെടുത്ത് ഏത് സ്റ്റേഷനി​ലേക്കും സഞ്ചരി​ക്കാമെന്ന് കൊച്ചി​ മെട്രോ എം.ഡി​. ലോക്നാഥ് ബെഹ്റ അറി​യി​ച്ചു.