gayathri

തിരുവനന്തപുരം: സംസ്‌കൃത കോളേജിലെ എസ് എഫ് ഐയുടെ തീപ്പൊരി നേതാവ് എം ഗായത്രി റാങ്ക് നേട്ടത്തിന്റെ തിളക്കത്തിൽ. ഭൗതികവാദത്തിനിടെ ജ്യോതിഷം പരീക്ഷിക്കാൻ ഗായത്രി തീരുമാനിച്ചപ്പോൾ കാത്തിരുന്നത് ബി എ സംസ്‌കൃതം ജ്യോതിഷത്തിൽ രണ്ടാം റാങ്കായിരുന്നു.

കൊങ്ങളം ഞാലിക്കോണം തേരുവിള വീട്ടിൽ തെങ്ങുകയറ്റ തൊഴിലാളിയായ അനിൽകുമാറിന്റെയും മോളിയുടെയും മകളാണ് ഗായത്രി. എസ് എഫ് ഐ ഞാലിക്കോണം യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയും തിരുമല ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഡി വൈ എഫ് ഐ ഞാലിക്കോണം യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ഗായത്രിക്ക് നഴ്‌സ് ആകാനായിരുന്നു ആഗ്രഹം.

സാമ്പത്തികസ്ഥിതി അനുവദിക്കാത്തതിനാലാണ് ബി എ സംസ്‌കൃതം ജ്യോതിഷം പഠിക്കാനിറങ്ങിയത്. അഞ്ചാം ക്ലാസ് മുതൽ കോട്ടൺഹിൽ സ്‌കൂളിൽ സംസ്‌കൃതം പഠിച്ച കരുത്താണ് തുണയായത്. റാങ്ക് നേട്ടമറിഞ്ഞ് അഭിനന്ദിക്കാൻ ആദ്യം ഓടിയെത്തിയത് പാർട്ടി പ്രവർത്തകരാണ്.

ഭൗതികവാദവും ജ്യോതിഷവും എങ്ങനെ ഒരുമിച്ച് പോയെന്ന ചോദ്യത്തോട് പഠനം പഠനത്തിന്റെ വഴിക്കും പാർട്ടിപ്രവർത്തനം അതിന്റെ മുറയ്‌ക്കും നടന്നെന്നാണ് മറുപടി.

പഠനത്തിനൊപ്പം പൊതുരംഗത്തും സജീവമായുണ്ടാകും. നാട്ടിലെ എല്ലാ ജോത്സ്യന്മാരും പറയുന്നത് സത്യമല്ലെങ്കിലും ചിലരൊക്കെ പറയുന്നതിൽ കാര്യമുണ്ട്. തുടർപഠനത്തിനുശേഷം ജ്യോതിഷം അദ്ധ്യാപികയാകാനാണ് ആഗ്രഹം. അതിനൊപ്പം ജ്യോതിഷത്തിലും ഒരു കൈ നോക്കണമെന്ന് ഗായത്രി പറയുന്നു. സഹോദരൻ ഗോകുൽ മെഡിക്കൽ റെപ്പാണ്.