fish

അക്ഷരങ്ങളേക്കാൾ വേഗത്തിൽ കണ്ണുകളെ ആകർഷിക്കുന്നവ ചിത്രങ്ങളാണ്. ഒറ്റ ചിത്രം കൊണ്ട് തന്നെ പല കാര്യങ്ങളും പറയാതെ പറയാനാകും. അത്തരത്തിലൊരു ചിത്രമാണ് കേരളകൗമുദി ഫോട്ടോഗ്രാഫർ എൻ ആർ സുധർമ്മദാസ് കഴിഞ്ഞ ദിവസം പകർത്തിയത്.

പാണാവള്ളിയിലെ വീട്ടിൽ നിന്നും എറണാകുളം ഓഫീസിലേക്കുള്ള യാത്രക്കിടയിലാണ് അദ്ദേഹം ആ കാഴ്ച കാണുന്നതും ക്ലിക്ക് ചെയ്യുന്നതും. ചിത്രത്തിന്റെ പിറവിക്ക് പിന്നിലെ കഥ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ വായിച്ചറിയാം...

fish

ബൈക്കിലാണ് ഓഫീസിലേക്കുള്ള യാത്ര. രാവിലത്തെ സമയം ആയതിനാൽ റോഡിൽ വാഹനങ്ങളുടെ അത്യാവശ്യം തിരക്കുണ്ട്. ദേശീയ പാതയിലെ മരട് കഴിഞ്ഞിട്ടുണ്ടാകണം. കെ എസ് ആർ ടി സി ബസ് മറികടന്ന് പോകുമ്പോഴാണ് പിന്നിലൂടെ പോകുന്ന ബൈക്ക് ശ്രദ്ധയിൽപ്പെടുന്നത്.

' ബൈക്കിൽ ഒരു വലിയ മത്സ്യം കെട്ടിവച്ച് പോകുന്ന കാഴ്ച വലിയ കൗതുകം തോന്നി. സാധാരണ കാണുന്നതിനേക്കാൾ വലുപ്പം മീനിന് ഉണ്ട്. ആ ബൈക്ക് യാത്രക്കാരൻ ആകട്ടെ അതിനെ കൂളായി പുറകിൽ കെട്ടി വച്ചു യാത്ര ചെയ്യുന്നുമുണ്ട്. എന്റെ മാത്രമല്ല റോഡിലുള്ള പലരുടെയും ശ്രദ്ധ ആ മീനിലേക്കായി.

fish

ബൈക്കിൽ ഇരുന്ന് തന്നെ ഞാൻ ബാഗിൽ നിന്ന് കാമറ എടുത്ത് മീനുമായി പോകുന്ന ബൈക്കിനെ മറികടന്ന് കുറച്ച് ദൂരം എത്തി. റോഡ് സൈഡിൽ ബൈക്ക് ഒതുക്കി ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചെങ്കിലും സമീപത്ത് കൂടി മറ്റ് വാഹനങ്ങൾ വന്നതോടെ നല്ല ചിത്രങ്ങൾ കിട്ടിയില്ല.

വീണ്ടും മീനുമായി പോകുന്ന ബൈക്കിന് പിന്നാലെ തന്നെ യാത്ര ചെയ്ത് ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചു. വൈറ്റില എത്തുന്നതിന് മുന്നെ അല്പം തിരക്ക് കുറഞ്ഞ ഭാഗത്തെത്തിയപ്പോൾ വണ്ടിയിൽ ഇരുന്നുതന്നെ ചിത്രം പകർത്തി. പത്രത്തിൽ അച്ചടിച്ചു വന്ന ചിത്രം കണ്ട് നിരവധി പേർ വിളിച്ച് അഭിനന്ദിച്ചിരുന്നു.'