
മുടി കൊഴിച്ചിൽ, മുഖക്കുരു, തല ചൊറിച്ചിൽ തുടങ്ങി താരൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഒരിക്കൽ വന്നോ അത്ര പെട്ടെന്നൊന്നും താരൻ പോകുകയുമില്ല. ഇതിനെ തുരത്താനായി പല തരത്തിലുള്ള സാധനങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ മാർക്കറ്റിൽ കിട്ടുന്ന ചില പ്രൊഡക്ട്സ് പാർശ്വഫലങ്ങളുണ്ടാക്കുകയും ചെയ്യും.
താരനുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള തെറ്റിദ്ധാരണകളും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. എണ്ണ തേക്കുന്നത് താരനെ തുരത്തുമെന്ന് പണ്ട് കാലം തൊട്ട് പറയുന്നതാണ്. എന്നാൽ അമിതമായി എണ്ണ തലയിൽ തേക്കുന്നത് വിപരീതഫലം ഉണ്ടാക്കും. മാലസീസിയ എന്ന പൂപ്പൽ വളരാൻ എണ്ണമയമുള്ള അവസ്ഥ സഹായിക്കും. അതിനാൽ അമിതമായി എണ്ണ ഉപയോഗിക്കരുത്.
ഹെൽമറ്റ് വച്ചാൽ താരൻ കൂടുമെന്നും ചിലർ പറയാറുണ്ട്. ഇതിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? തണുപ്പുള്ള, വരണ്ട ശീതകാലങ്ങളിലാണ് താരൻ അധികമായി കാണുന്നതെന്നും വേനൽക്കാലങ്ങളിൽ രോഗാവസ്ഥ കുറയുന്നതായും പഠനങ്ങൾ പറയുന്നു. അതിനാൽ ഹെൽമറ്റ് ധരിച്ചാൽ ചൂട് കാരണം താരൻ കൂടുമെന്ന് പറയാൻ തെളിവുകളൊന്നുമില്ല. മാത്രമല്ല നമ്മുടെ സുരക്ഷയ്ക്ക് ഹെൽമറ്റ് അത്യന്താപേക്ഷികമാണ്.