
കൊച്ചി: ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രിയ്‌ക്കായി കൊച്ചി നഗരത്തിലും ശക്തമായ പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. അഞ്ച് അസിസ്‌റ്റന്റ് കമ്മീഷണർമാർക്ക് കീഴിൽ പഴുതടച്ച സുരക്ഷയാണ് നഗരത്തിൽ ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ നടക്കുന്ന വേദികളിലും ഗസ്‌റ്റ് ഹൗസിലും വലിയ പൊലീസ് സന്നാഹമാണ് തയ്യാറാക്കിയിരിക്കുന്നത്. പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടും കോട്ടയത്ത് ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടാൻ ശ്രമിച്ചതിനാൽ പൊലീസ് വലിയ കരുതലിലാണ്.
കറുത്ത മാസ്‌ക് ധരിക്കരുതെന്ന് മാദ്ധ്യമ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിവരമുണ്ട്. എന്നാൽ കറുത്ത മാസ്‌ക് ധരിച്ചവരെ മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി നടക്കുന്ന ജവഹർലാൽ നെഹ്രു കലൂർ മെട്രോ സ്‌റ്റേഷനിൽ തടഞ്ഞിട്ടില്ല. ഇവിടെ നീല സർജിക്കൽ മാസ്‌ക് സംഘാടകർ നൽകി. ഇതിനിടെ കറുത്ത വസ്‌ത്രം ധരിച്ച് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന കലൂർ മെട്രോ സ്‌റ്റേഷന് സമീപമെത്തിയ രണ്ട് ട്രാൻസ്‌ജെൻഡർ വിഭാഗക്കാരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.ഇവരെ വലിച്ചിഴച്ചാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്.
യൂത്ത് കോൺഗ്രസ്, യുവമോർച്ച സംഘടനകൾ ഇന്ന് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നയിടങ്ങളിൽ പ്രതിഷേധിക്കുമെന്ന് വിവരമുണ്ട്. നൂറിലധികം പൊലീസുകാരെയാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി നടക്കുന്നയിടത്ത് വിന്യസിച്ചിരിക്കുന്നത് . കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജുവിന്റെ നിർദ്ദേശത്താൽ നാല് എസിപിമാർ, ഏഴ് എസ്‌എച്ച്മാർ എന്നിങ്ങനെ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്. മുഖ്യമന്ത്രിയുടെ രണ്ടാമത്തെ പരിപാടി നടക്കുന്ന ചെല്ലാനത്തേക്കുളള വഴിയിലും മുഖ്യമന്ത്രി തങ്ങുന്ന ഗസ്‌റ്റ്‌ഹൗസിലും ശക്തമായസുരക്ഷയുണ്ട്. എന്നാൽ കോമ്പൗണ്ടിൽ മറ്റിടങ്ങളിലെപ്പോലെ മാദ്ധ്യമപ്രവർത്തകർക്ക് പ്രവേശന നിയന്ത്രണമില്ല.
മുൻപ് കെജിഒഎ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി കോട്ടയത്ത് എത്തുന്നതിനെ തുടർന്ന് കനത്ത സുരക്ഷയാണ് കോട്ടയം നഗരത്തിൽ കെ.കെ റോഡിലും ജനറൽ ആശുപത്രി റോഡിലും ഒരുക്കിയത്. പൊലീസ് വഴിതിരിച്ചുവിട്ടതിനെ തുടർന്ന് പൊതുജനങ്ങളും പൊലീസുമായി തർക്കമുണ്ടായിരുന്നു.