ടൊവിനോയെ കേന്ദ്രകഥാപാത്രമാക്കി വിനീത് കുമാർ അണിയിച്ചൊരുക്കിയ ചിത്രം ഡിയർ ഫ്രണ്ട് കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഇങ്ങനെയൊരു കഥാപാത്രത്തെ ഏൽപ്പിക്കുമ്പോൾ ടൊവിനോ എങ്ങനെയായിരിക്കും എടുക്കുക എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നുവെന്ന് സംവിധായകൻ വിനീത് കുമാർ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്ന്..
" ടൊവിനോ മുമ്പ് ചെയ്ത ഒരു സിനിമയുടെ ഷേഡും ഇതിനില്ല. ഒരു ഘട്ടത്തിൽ എനിക്ക് കുറച്ച് സംശയമുണ്ടായിരുന്നു. ആ ക്യാരക്ടറിന്റെ കോംപ്സിസിറ്റി ടൊവി എങ്ങനെയായിരിക്കും എടുക്കുക എന്നത്. സോഫ്ടായിട്ടുള്ള ക്യാരക്ടേഴാണ് ടൊവി കൂടുതലും ചെയ്തിരിക്കുന്നത്. പക്ഷേ സിനിമ തുടങ്ങി രണ്ടാമത്തെ ദിവസം തന്നെ ആ സംശയം മാറിക്കിട്ടി.
അത്ര രസകരമായിട്ട് ടൊവി അത് ചെയ്തിട്ടുണ്ട്. ബേസിലിന് വേണ്ടി ആദ്യം മാറ്റി വച്ചത് മറ്റൊരു വേഷമായിരുന്നു. ബേസിലും ഇതുവരെ ചെയ്യാത്ത തരത്തിലുള്ള വേഷമാണ് ഇതിൽ ചെയ്തിരിക്കുന്നത്. ഇവരെല്ലാം കാരക്ടേഴിസിനെ സ്റ്റഡി ചെയ്തിട്ട് ചെയ്യുന്നവരാണ്. ഇവരുടെയെല്ലാം മെത്തേഡ് ഒഫ് ആക്ടിംഗ് വ്യത്യസ്തമായിരുന്നു.
ഞാൻ ഒരു ആക്ടറാണെങ്കിലും ഇവർക്കാർക്കും ഒരു സീൻ പോലും ഞാൻ ആക്ട് ചെയ്ത് കാണിച്ചിട്ടില്ല. ആ കാരക്ടറിന് വേണ്ടത് പറഞ്ഞുകൊടുക്കാറേയുള്ളൂ. എനിക്ക് വേണ്ടതിലേക്ക് ഞാൻ അവരെ എത്തിക്കും. ചിലതൊക്കെ ആദ്യ ഷോട്ടിൽ തന്നെ സർപ്രൈസ് ചെയ്യിപ്പിച്ചിട്ടുണ്ട്."
