
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ വന്നതിന് പിന്നാലെ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കുടുപ്പിക്കുകയാണ്. ഇത് കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്. പിണറായി വിജയൻ യാത്ര ചെയ്യുന്ന വഴികളിലെല്ലാം വൻപൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.
ഇത് പ്രതിപക്ഷം വിവാദമാക്കിയതോടെ ഡിവൈഎഫ്ഐ ദേശീയ അദ്ധ്യക്ഷനും എം പിയുമായ എ എ റഹിം വിമർശനവുമായി രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
' എല്ലാ ആരോപണങ്ങളും പൊളിഞ്ഞു പോകുമ്പോൾ, മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പുതിയ പ്രശ്നം. മറവിരോഗം ബാധിച്ചവർക്കായി ഒരു പഴയ വാർത്ത. തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യൻ നാട് ഭരിച്ചകാലം. അതും ഇന്ത്യൻ പട്ടാളം അതിർത്തിയിൽ ഉപയോഗിക്കുന്ന തോക്കുകൾ!!." എന്നായിരുന്നു കുറിപ്പ്.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രതിഷേധം കടുപ്പിക്കാൻ അന്നത്തെ പ്രതിപക്ഷം തീരുമാനിച്ചതോടെ അദ്ദേഹത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കാനായി കമാൻഡോ സംഘത്തെ വിന്യസിക്കാൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം തോക്കേന്തിയ 15 കമാൻഡോകളുണ്ടാകുമെന്നും ഇന്ത്യൻ സൈന്യം അതിർത്തിയിൽ ഉപയോഗിച്ചിരുന്ന തോക്കുകളാണ് ഇവരുടെ കൈയിലുള്ളതെന്നുമാണ് അക്കാലത്ത് വാർത്തകൾ വന്നത്. ആ വാർത്തയും പങ്കുവച്ചാണ് റഹിം കുറിപ്പെഴുതിയിരിക്കുന്നത്.