v

കൊൽക്കത്ത: പ്രവാചകൻ മുഹമ്മദ് നബിയ്ക്കെതിരായ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് സംഘർഷഭരിതമായ പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ പഞ്ച‌ല ബസാർ സന്ദർശിക്കാനെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംന്താറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൗറയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുകാന്തയുടെ സന്ദർശനം പ്രദേശത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമായിരുന്നു. പ്രതിരോധമെന്ന നിലയിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, പഞ്ച‌ല ബസാറിൽ സംഘർഷം തുടരുകയാണ്. പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ അവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. ഇതുവരെ 70 പേരെ അറസ്റ്റ് ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. അക്രമത്തിന് പിന്നിൽ ചില രാഷ്ട്രീയ പാർട്ടികളാണെന്ന് മമത ആരോപിച്ചു. അവർ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു. എന്നാൽ സർക്കാർ ഇത് വച്ചുപൊറുപ്പിക്കില്ല. എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കും. ബി.ജെ.പി പാപങ്ങൾ ചെയ്യും, ജനങ്ങൾ കഷ്ടപ്പെടും - മമത ട്വീറ്റ് ചെയ്തു.