babar-asam

ലാഹോർ : കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ച്വറി നഷ്ടമായെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇന്നിംഗ്സുകളിൽ തുടർച്ചയായി അർദ്ധസെഞ്ച്വറി നേടുന്ന താരമെന്ന റെക്കാഡ് സ്വന്തമാക്കി പാകിസ്ഥാൻ ക്യാപ്ടൻ ബാബർ അസം.ടെസ്റ്റ്,ട്വന്റി-20,ഏകദിനം എന്നിങ്ങനെ മൂന്ന് ഫോർമാറ്റുകളിലുമായി തുടർച്ചയായ ഒൻപതാം ഇന്നിംഗ്സുകളിലാണ് ബാബർ അസം അൻപതിൽ അധികം റൺസ് നേടുന്നത്. 1987ൽ തുടർച്ചയായി എട്ട് ഇന്നിംഗ്സുകളിൽ അർദ്ധശതകം നേടിയ ജാവേദ് മിയാൻദാദിന്റെ റെക്കാഡാണ് ബാബർ തകർത്തത്.

ബാബറിന്റെ തേരോട്ടം ഇങ്ങനെ

196

ഓസീസിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ 196 റൺസ്.

66

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലെ സ്കോർ.

55

രണ്ടാം ഇന്നിംഗ്സിലും അർദ്ധസെഞ്ച്വറി

57

റൺസ് ഓസീസിനെതിരായ ഒന്നാം ഏകദിനത്തിൽ

114

റൺസ് ഓസീസിനെതിരായ രണ്ടാം ഏകദിനത്തിൽ

105*

റൺസ് ഓസീസിനെതിരായ മൂന്നാം ഏകദിനത്തിൽ

66

റൺസ് ഓസീസിനെതിരായ ഏക ട്വന്റി-20യിൽ

103

റൺസ് വിൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ

77

റൺസ് വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ

അതിവേഗ 1000

വിൻഡീസിനെതിരായ ആദ്യ ഏകദിനത്തിനിടെ ഏറ്റവും വേഗത്തിൽ 1000 റൺസ് (13 ഇന്നിംഗ്സ്) തികയ്ക്കുന്ന ക്യാപ്ടൻ എന്ന റെക്കോർഡും അസം മറികടന്നിരുന്നു. മുൻ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയെയാണു (17 ഇന്നിംഗ്സ്) പിന്തള്ളിയത്.

പരമ്പരയിൽ പാകിസ്ഥാൻ

ബാബർ അസം അർ‌ദ്ധസെഞ്ച്വറിയോടെ തിളങ്ങിയ രണ്ടാം ഏകദിനത്തിൽ വിൻഡീസിനെ 120 റൺസിനു തകർത്ത പാകിസ്ഥാൻ മൂന്നു മത്സര പരമ്പരയിൽ 2–0ത്തിന് മുന്നിലെത്തി. അവസാന ഏകദിനം ഇന്ന് നടക്കും.

ഗ്ളൗസിട്ട മണ്ടത്തരത്തിന് അഞ്ചു റൺ പെനാൽറ്റി റെക്കാഡിന്റെ തിളക്കത്തിലും രണ്ടാം ഏകദിനത്തിൽ വലിയൊരു മണ്ടത്തരം ബാബർ ഗ്രൗണ്ടിൽ കാണിച്ചു. വിക്കറ്റ് കീപ്പർക്ക് മാത്രം ഉപയോഗിക്കാൻ അധികാരമുള്ള ഗ്ലൗസ് ധരിച്ച് ഫീൽഡ് ചെയ്തതിന് ബാബറിനെ അമ്പയർ ശാസിക്കുകയും ടീമിന് അഞ്ച് റൺസ് പെനാൽറ്റി വിധിക്കുകയും ചെയ്തു. മാൻ ഒഫ് ദ മാച്ച് നിനക്കിരിക്കട്ടെ വിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ സെഞ്ച്വറി നേടിയ ബാബറിനെയാണ് മാച്ച് റഫറി മാൻ ഒഫ് ദ മാച്ചായി തിരഞ്ഞെടുത്തത്. എന്നാൽ സമ്മാനം വാങ്ങാനെത്തിയ ബാബർ സഹതാരം കുഷ്ദിൽ ഖാന് പുരസ്കാരം നൽകാൻ ആഗ്രഹിക്കുന്നതായി പ്രഖ്യാപിക്കുകയും കുഷ്ദിലിനെ വേദിയിലേക്ക് വിളിക്കുകയും ചെയ്തു.23 പന്തുകളിൽ 41റൺസടിച്ച് അവസാന സമയത്ത് പാകിസ്ഥാന്റെ ചേസിംഗ് എളുപ്പമാക്കിയത് കുഷ്ദിലിന്റെ ബാറ്റിംഗാണ്.