
കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങിയവർ അണിനിരന്ന ലോകേഷ് കനകരാജ് ചിത്രം വിക്രത്തിന്റെ വൻവിജയത്തിന് ശേഷം കാർത്തി ചിത്രം കൈതിയുടെ രണ്ടാംഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. ഇപ്പോഴിതാ ആരാധകരുടെ പ്രതീക്ഷകൾക്ക് ചിറക് നൽകുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് എസ്.ആർ. പ്രഭു. കൈതി സിനിമയെക്കാൾ പത്തിരട്ടി വലുപ്പമുള്ളതാകും കൈതി 2 എന്ന് എസ്.ആർ. പ്രഭു വെളിപ്പെടുത്തുന്നു. വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിന് ശേഷം കൈതി 2 ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാർത്തിയുടെ 25-ാം ചിത്രമായിട്ടായിരിക്കും കൈതി 2 തിയേറ്ററുകളിൽ എത്തുന്നത്.
Producer #SRPrabhu : "Once #LokeshKanagaraj completes #Thalapathy67, we will start #Kaithi2. The scale and budget of the movie will be 10 times bigger than #Kaithi" pic.twitter.com/CkOi0qI2K8
— Thyview (@Thyview) June 11, 2022
ലോകേഷിന്റെ തന്നെ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയാണ് വിക്രം ഒരുക്കിയിരിക്കുന്നത്. വിക്രത്തിലൂടെ ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്‌സിന് തുടക്കമായെന്നും ആരാധകർ പറയുന്നു. മാനഗരം, മാസ്റ്റർ എന്നീ രണ്ട് സിനിമകള്‍ മാറ്റി നിർത്തി കൈതിയും വിക്രമും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെട്ട സിനിമകളാണെന്ന് ലോകേഷ് തന്നെ വ്യക്തമാക്കിയിരുന്നു.കാർത്തിയെ നായകനാക്കി 2019ൽ ലോകേഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കൈതി. ദില്ലി എന്ന മുൻതടവുപുള്ളിയുടെ കഥ പറഞ്ഞ ആക്‌ഷൻ ത്രില്ലറിൽ നരേനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നരേന്‍, അര്‍ജുന്‍ ദാസ്, ജോര്‍ജ് മരിയന്‍, ഹരീഷ് പേരടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.