
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് കേന്ദ്ര ഏജൻസി അവസാനിപ്പിച്ചത് അന്വേഷണം ബി.ജെ.പിയിലേക്ക് എത്തുന്നുവെന്ന് കണ്ടപ്പോഴാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആരോപിച്ചു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ പ്രതികരണം.
കേന്ദ്ര ഏജൻസികൾ ഒരിക്കൽ അന്വേഷിച്ച കേസാണിത്. സ്വർണം അയച്ചയാളിനെയും സ്വീകരിച്ച ആളിനെയും എല്ലാവർക്കും അറിയാം. എന്നാൽ അന്വേഷണ ഏജൻസി ഇവരെ പിടികൂടിയില്ല. കേസ് കൃത്യമായി അന്വേഷിച്ചാൽ ബി.ജെ.പിയുമായി ബന്ധമുള്ള ചിലരിലേക്ക് എത്തും. അതു കൊണ്ട് അന്വേഷണം അവസാനിപ്പിച്ചുവെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ സമരാഭാസത്തിന് മുന്നിൽ സർക്കാർ കീഴടങ്ങില്ലെന്നും കോടിയേരി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രിക്ക് സ്വർണക്കടത്തിൽ ബന്ധം ഇല്ലെന്നായിരുന്നു നേരത്തെ സ്വപ്ന മൊഴി നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ പ്രചരിപ്പിക്കുന്ന കഥകൾക്കെല്ലാം അല്പായുസ് മാത്രമാണുള്ളതെന്നും ഏതെങ്കിലും നേതാവ് തെറ്റു ചെയ്താൽ നടപടിയെടുക്കുന്ന പാർട്ടിയാണ് തങ്ങളുടേതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
ആരെക്കുറിച്ചും എന്തും വിളിച്ചു പറയാം എന്ന അവസ്ഥ ഉണ്ടാകരുത്. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ ആർക്കെങ്കിലും വന്നിട്ടുണ്ടെങ്കിൽ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പാർട്ടി പ്രവർത്തകർ രംഗത്ത് ഇറങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു.