aryan-khan

മുംബയ്: ബോളിവു‌ഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആരോപണവിധേയനായ ലഹരിമരുന്ന് കേസിന്റെ അന്വേഷണത്തിനിടെ ആര്യനുമായി എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ സഞ്ജയ് സിംഗ് നടത്തിയ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ പുറത്ത്. സഞ്ജയ് സിംഗ് തന്നെയാണ് സംഭാഷണങ്ങളുടെ വിശദാംശങ്ങൾ നൽകിയത്.

എന്തുകൊണ്ടാണ് ആഴ്ചകളോളം തനിക്ക് ജയിലിൽ കഴിയേണ്ടിവന്നതെന്ന് ആര്യൻ സഞ്ജയ് സിംഗിനോട് ചോദിച്ചെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. എൻ.സി.ബി ഉദ്യോഗസ്ഥർ തന്റെ സൽപ്പേര് കളങ്കപ്പെടുത്തിയെന്നും ഇതെല്ലാം താൻ അർഹിച്ചിരുന്നോ എന്നും ആര്യൻ ചോദിച്ചു. ആര്യനിൽ നിന്ന് ഒരിക്കലും ഇത്തരം ചോദ്യങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിംഗ് പറയുന്നു. ആര്യൻ തയ്യാറാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് താൻ സംസാരം ആരംഭിച്ചതെന്ന് സിംഗ് പറയുന്നു.

''സർ, നിങ്ങൾ എന്നെ ഒരു അന്താരാഷ്ട്ര ലഹരിക്കടത്തുകാരനായും ലഹരിക്കടത്തിന് സാമ്പത്തികസഹായം നൽകുന്നവനായും ചിത്രീകരിച്ചു. ഇതെല്ലാം തീർത്തും അസംബന്ധമായിരുന്നില്ലേ? എന്റെ കൈയ്യിൽ നിന്ന് അവർക്ക് ലഹരിമരുന്ന് കിട്ടിയിരുന്നില്ല. എന്നിട്ടും എന്നെ അറസ്റ്റ് ചെയ്തു. സർ, നിങ്ങൾ എന്റെ സൽപ്പേര് കളങ്കപ്പെടുത്തി. എന്ത് കൊണ്ടാണ് എനിക്ക് ആഴ്ചകളോളം ജയിലിൽ കിടക്കേണ്ടിവന്നത്, ഞാൻ ശരിക്കും ഇത് അർഹിച്ചിരുന്നോ?" - ആര്യൻ ചോദിച്ചു. എന്നാൽ ആര്യൻ ഖാന്റെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയെകുറിച്ച് വെളിപ്പെടുത്താൻ സഞ്ജയ് സിംഗ് തയ്യാറായില്ല.

ആര്യന് ജാമ്യം ലഭിച്ച ശേഷം അന്വേഷണത്തിനിടെ ഷാരൂഖ് ഖാനെ നേരിട്ടുകണ്ട അനുഭവവും സഞ്ജയ് സിംഗ് വെളിപ്പെടുത്തി. ഷാരൂഖാണ് അന്വേഷണ ഉദ്യോഗസ്ഥനെ കാണണമെന്ന് ആവശ്യപ്പെട്ടത്. നേരിട്ട് കാണാമെന്ന് താൻ സമ്മതിച്ചു. കേസിലെ മറ്റുപ്രതികളുടെ മാതാപിതാക്കളെയും ഇപ്രകാരം കണ്ടിരുന്നു. ആര്യന്റെ മാനസിക-ശാരീരികാവസ്ഥകളെ സംബന്ധിച്ചാണ് ഷാരൂഖ് ആശങ്കപ്പെട്ടത്. ആര്യൻ ശരിക്കും ഉറങ്ങുന്നില്ലെന്നും രാത്രി മുഴുവൻ മകന്റെ കിടപ്പുമുറിയിലെത്തി അവന് കൂട്ടിരിക്കുകയാണെന്നും ഷാരൂഖ് പറഞ്ഞു. യാതൊരു തെളിവും ഇല്ലാതിരുന്നിട്ടും മകന് നേരേ അപവാദപ്രചാരണമുണ്ടായി. സമൂഹത്തെ നശിപ്പിക്കാനിറങ്ങിയവരായാണ് തങ്ങളെ ചിത്രീകരിച്ചെതെന്ന് നിറകണ്ണുകളോടെ ഷാരൂഖ് പറഞ്ഞെന്നും സിംഗ് വെളിപ്പെടുത്തി.