
ലക്നൗ: യു.പിയിൽ പ്രവാചക പരാമർശവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ പ്രതി ചേർത്തവരുടെ വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി റിപ്പോർട്ട്. കാൺപൂരിലും സഹാരൻപൂരിലുമാണ് സംഭവം നടന്നത്. അനധികൃത നിർമ്മാണമെന്ന് ആരോപിച്ചാണ് കാൺപൂർ വികസന അതോറിറ്റി കെട്ടിടങ്ങൾ പൊളിച്ച് നീക്കിയത്. വലിയ പൊലീസ് സന്നാഹവുമായാണ് മുനിസിപ്പൽ അധികൃതർ എത്തിയത്.
അറസ്റ്റിലായ പ്രതികളുടെ വീടിന്റെ ചില ഭാഗങ്ങളാണ് തകർത്തത്. സഹാരൻപുർ സംഭവവുമായി ബന്ധപ്പെട്ട 64 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ബുൾഡോസറുമായി എത്തുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പങ്കുവെച്ചിട്ടുണ്ട്. അറസ്റ്റിലായ മുസമ്മിൽ, അബ്ദുൾ വഖീർ എന്നിവരുടെ വീടുകളിലേക്കാണ് അധികൃതർ എത്തിയത്. അനധികൃത നിർമാണം എന്നാരോപിച്ചാണ് ബുൾഡോസറുമായി എത്തിയത്. നൂപുർ ശർമ്മയുടെ പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെയുണ്ടായ പ്രതിഷേധത്തിൽ സംഘർഷമുണ്ടായിരുന്നു.
സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ 22പേരിൽ 10 പേർ പൊലീസുകാരാണ്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് റാഞ്ചി നഗരത്തിൽ ചിലയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം..