
ശ്രീനഗർ: പുൽവാമയിൽ സംയുക്ത സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ശനിയാഴ്‌ച വൈകുന്നേരം 6.55ന് പുൽവാമയിലെ ദ്രബ്‌ഗം മേഖലയിൽ ആരംഭിച്ച ഏറ്റുമുട്ടലിലാണ് മൂന്ന് ലഷ്‌ടർ ഇ ത്വയ്‌ബ ഭീകരരെ വധിച്ചത്.
പൊലീസ് ഉദ്യോഗസ്ഥനായ റിയാസ് അഹ്‌മദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ലഷ്‌കർ ഭീകരൻ ജുനൈദ് ഷീർഗോജ്‌റിയും കൊല്ലപ്പെട്ടവരിൽ പെടുന്നു. ഫാസിൽ നസീർ ഭട്ട്, ഇർഫാൻ അഹ് മാലിക് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ഭീകരർ. ഇവരിൽ നിന്നും എകെ 47 തോക്കും ഒരു പിസ്‌റ്റളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി കാശ്‌മീർ പൊലീസ് അറിയിച്ചു.
24 മണിക്കൂറിനിടെ സുരക്ഷാ സേനയും ഭീകരരും തമ്മിൽ കാശ്‌മീരിൽ നടക്കുന്ന രണ്ടാമത് ഏറ്റുമുട്ടലാണിത്. കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ സംയുക്ത സേന ഹിസ്‌ബുൾ മുജാഹിദ്ദീൻ തീവ്രവാദി റഫീക്ക് അഹ്‌മെദ് ഗനിയെ വധിച്ചു. പൊലീസ്, സുരക്ഷാസേന എന്നിവർക്ക് നേരെയും പൊതുജനങ്ങൾക്ക് നേരെയും നിരവധി ആക്രമണങ്ങൾ നടത്തിയ കേസുകളിൽ പ്രതിയാണ് ഗനി.
ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലുകൾക്ക് ഒടുവിലാണ് ഏറ്റുമുട്ടലുകളുണ്ടായത്.