
തിരുവനന്തപുരം: സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് നാളെ ഇരുവർക്കും നോട്ടീസ് നൽകും.
കഴിഞ്ഞ ശനിയാഴ്ച ഷാജ് കിരൺ സംസ്ഥാന പൊലീസ് മോധാവി അനിൽ കാന്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖ ആധികാരികമാണോയെന്ന് പരിശോധിക്കണമെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഗൂഡാലോചനയിൽ തങ്ങളെ ഉൾപ്പെടുത്താൻ ശ്രമം നടന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. സ്വപ്ന സുരേഷ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്ന് ഷാജ് കിരൺ പറഞ്ഞിരുന്നു. ശബ്ദം തന്റേതുതന്നെ. ഒരുമാസംമുമ്പ് എച്ച്.ആർ.ഡി.എസിൽ പോയപ്പോൾ പറഞ്ഞതും പല സമയങ്ങളിലായി സംസാരിച്ചതുമെല്ലാം ചേർത്തതാണിത്. ശബ്ദരേഖ പരിശോധനയ്ക്ക് അയക്കണം. ഇതിന്റെ പൂർണരൂപം തന്റെ സുഹൃത്തിന്റെ ഫോണിലുണ്ടെന്നും ഷാജ് വ്യക്തമാക്കിയിരുന്നു.
സ്വപ്ന സുരേഷിനൊപ്പം ഏറെ കാലമായി ഉണ്ടായിരുന്നവരാണ് ഷാജ് കിരണും ഇബ്രാഹിമും. അതിനാൽത്തന്നെ ഗൂഡാലോചനയിൽ ഇരുവർക്കും പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. ഇവരെ പ്രതിയാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇവരെ കസ്റ്റഡിയിലെടുക്കാത്തതിന്റെ പേരിൽ ഏറെ വിമർശനങ്ങളും ഉയർന്നിരുന്നു.