thavanoor

മലപ്പുറം: തവനൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയ്‌ക്കെത്തിയവരുടെ മാസ്‌ക് മാറ്റി പൊലീസ്. പുതിയ സെൻട്രൽ ജയിൽ ഉദ്‌ഘാടന ചടങ്ങിനെത്തിയവരുടെ കറുത്ത മാസ്‌ക് അഴിപ്പിച്ച് പകരം മഞ്ഞ മാസ്‌ക് നൽകി.

ഇന്ന് രാവിലെ 10 മണിയ്‌ക്കാണ് മുഖ്യമന്ത്രി തവനൂരെ സെൻട്രൽ ജയിൽ ഉദ്‌ഘാടനം നടത്തുക. ഇതിനായി ഒൻപത് മണിവരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്. മാസ്‌ക് മാറ്റുന്നതിന്റെ ദൃശ്യങ്ങളെടുക്കാൻ മാദ്ധ്യമങ്ങൾക്ക് വിലക്കുണ്ട്. മാസ്‌ക് മാറ്റുന്നതിന് നിർദ്ദേശമില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശമൊന്നുമില്ലെങ്കിലും കറുത്ത തുണി കരിങ്കൊടി പ്രതിഷേധത്തിനായി ഉപയോഗിച്ചാലോ എന്ന ആശങ്കയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ നിന്നും കറുത്ത തുണി വിലക്കാൻ പൊലീസിനെ പ്രേരിപ്പിക്കുന്നത് എന്ന് സൂചനയുണ്ട്. 700ഓളം പൊലീസുകാരെയാണ് മലപ്പുറത്തെ പരിപാടികളുടെ സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്നത്. ചങ്ങരംകുളത്ത് എസ്‌പിയുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാർ നിലയുറപ്പിച്ചിട്ടുണ്ട്.ജില്ലയിലെ മുഴുവൻ ഡിവൈഎസ്‌പിമാരും മുഖ്യമന്ത്രിയുടെ പരിപാടിയ്‌ക്ക് സുരക്ഷയൊരുക്കും.