court

തിരുവനന്തപുരം: ആർഡിഒ കോടതിയിൽ നിന്നും തൊണ്ടിമുതലായ സ്വർണം മോഷ്ടിച്ച് പകരം മുക്കുപണ്ടം വച്ചത് കോടതിയിലെ ഉദ്യോഗസ്ഥൻ തന്നെയെന്ന് തെളിഞ്ഞു. 2020ലെ സീനിയർ സൂപ്രണ്ടാണ് മോഷണം നടത്തിയതെന്ന് വകുപ്പുതല പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 110 പവൻ സ്വർണവും 140ഗ്രാം വെള്ളിയും 47000രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. ഇയാൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചോയെന്നതിനെപ്പറ്റി അന്വേഷിക്കും. സർവീസിൽ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഇയാൾ ഇപ്പോൾ പേരൂർക്കട പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് നിർദേശിച്ച് സബ് കളക്ടർ മാധവിക്കുട്ടി റിപ്പോർട്ട് നൽകി.

2010 മുതൽ 2019വരെ കോടതിയിലെത്തിയ തൊണ്ടിമുതലാണ് മോഷണം പോയത്. തൊണ്ടിമുതലുകൾ സൂക്ഷിച്ചിരുന്ന പാക്കറ്റ് തുറന്ന് പരിശോധിച്ച പൊലീസിന് ചില ആഭരണങ്ങൾ കണ്ട് സംശയം തോന്നി. തുടർന്ന് പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. സ്വർണത്തിന് പകരം 250 ഗ്രാമിലധികം മുക്കുപണ്ടമാണ് കണ്ടെത്തിയത്. തൊണ്ടിമുതലിന്‍റെ കസ്റ്റോഡിയൻ സീനിയർ സൂപ്രണ്ടുമാരാണ്. സീനിയർ സൂപ്രണ്ടുമാരോ അല്ലെങ്കിൽ ലോക്കറിൻെറ താക്കോൽ സൂക്ഷിക്കുന്ന സ്ഥലമറിയുന്ന മറ്റോരാ ആണ് സ്വർണമെടുത്തിരിക്കുന്നതെന്ന് പൊലീസിന് നേരത്തേ സംശയമുണ്ടായിരുന്നു. 2017 മുതൽ 2021 ഫെബ്രുവരി വരെയുള്ള തൊണ്ടി മുതൽ ഓഡിറ്റ് നടത്തിയ എജി എല്ലാം സുരക്ഷിതമെന്ന റിപ്പോർട്ടാണ് നൽകിയത്. അതിനാൽ എജി ഓഡിറ്റ് നടത്തിയ ശേഷം മോഷണം നടക്കാനാണ് സാദ്ധ്യതയെന്ന് പൊലീസ് പറഞ്ഞു.