covid

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8582 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ടിപിആർ നിരക്ക് 2.71 ശതമാനമായി ഉയർന്നതും ആശങ്ക ഉയർത്തുന്നു.

തുടർച്ചയായി രണ്ട് ദിവസം പ്രതിദിന കണക്കിൽ 40 ശതമാനം വർദ്ധനവുണ്ടായതിന് പിന്നാലെ കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. പരിശോധനയും വാക്സിനേഷനും വർദ്ധിപ്പിക്കണം. മാസ്ക്, സാമൂഹിക അകലം ഉൾപ്പടെയുള്ള പ്രതിരോധ മാ‌ർഗങ്ങളിൽ വീഴ്ച വരുത്തരുത് എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് കേന്ദ്രം നൽകിയത്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ജില്ലകൾക്ക് നിർദേശം നൽകി. ജലജന്യ, ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം. മാസ്ക് നിർബന്ധമായും ധരിക്കണം. കൊവിഡ് ലക്ഷണങ്ങളുള്ളവർ പരിശോധിക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ. കൊവിഡ് കേസുകൾ ക്രമേണ കൂടുകയാണെങ്കിലും ആശങ്ക വേണ്ടെന്ന് വീണാ ജോർജ് പറഞ്ഞു. ഇപ്പോൾ പകരുന്നത് ഒമിക്രോൺ വകഭേദമാണ്. ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരും കുറവാണെന്ന് മന്ത്രി വ്യക്തമാക്കി.