
തിരുവനന്തപുരം:മുണ്ടിനും ഷർട്ടിനും പകരം ബർമുഡയും ടീഷർട്ടും സാരിക്ക് പകരം ചുരിദാറുമായി ജയിൽ പുള്ളികളുടെ യൂണിഫോം പരിഷ്കരിക്കാനുളള ശുപാർശ തളളി. നിലവിലുള്ള വേഷം മാറ്റുന്നതിൽ പുള്ളികളുടെ വിയോജിപ്പും സർക്കാരിന്റെ സാമ്പത്തിക ബാദ്ധ്യതയും കണക്കിലെടുത്താണിത്.
ഋഷിരാജ് സിംഗ് ജയിൽ ഡി.ജി.പിയായിരുന്നപ്പോഴാണ് സുരക്ഷാ നടപടികളുടെ ഭാഗമായി പുരുഷ വനിതാ തടവുകാരുടെ യൂണിഫോം പരിഷ്കരിക്കാൻ ശുപാർശയുണ്ടായത്. അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് രണ്ട് തടവുകാരികൾ സാരികൂട്ടിക്കെട്ടി മതിൽ ചാടി രക്ഷപ്പെടുകയും പല ജയിലുകളിലും പ്രതികൾ ഉടുമുണ്ടിൽ തൂങ്ങി മരിക്കുകയും ചെയ്ത സംഭവങ്ങൾ നിമിത്തമായി.
പരീക്ഷണമായി അട്ടക്കുളങ്ങര വനിതാ ജയിലിലുൾപ്പെടെ ഏതാനും തടവുപുള്ളികൾക്ക് പുതിയ യൂണിഫോം നൽകി. സ്പോൺസർഷിപ്പിൽ എത്തിച്ച റെഡിമെയ്ഡ് ചുരിദാർ പലർക്കും പാകമായില്ല. ആദ്യദിനം തന്നെ ചുരിദാർ പുറത്തായി. സ്പോൺസർഷിപ്പിൽ ലഭിച്ച ടീ ഷർട്ടിലും ബർമുഡയിലും പുരുഷ തടവുകാർക്ക് സന്തോഷമായിരുന്നു. എന്നാൽ ജയിൽ വകുപ്പിന് സാമ്പത്തിക ബാദ്ധ്യതയാകുമെന്ന് കണ്ടതോടെ അതും ഉപേക്ഷിച്ചു.
സെൻട്രൽ ജയിലുകളിലെ നെയ്‌ത്ത് ശാലകളിൽ തടവുകാർ നെയ്യുന്ന തുണിയാണ് മുണ്ടിനും ഷർട്ടിനും ഉപയോഗിക്കുന്നത്. ജയിലുകളിലെ ടെയ്ലറിംഗ് യൂണിറ്റുകളാണ് ഉടുപ്പുകൾ തുന്നുന്നത്. ബർമുഡയാകുമ്പോൾ തുന്നൽ രീതിയും യന്ത്രങ്ങളും മാറ്റണം . ഇത് വലിയ ചെലവുണ്ടാക്കും. ശിക്ഷാ പ്രതികൾക്ക് ആറുമാസത്തേക്ക് ഒരു ജോഡി വസ്ത്രമാണ് നൽകുന്നത്. കാലാവസ്ഥയ്ക്ക് ചേരുന്ന നിലവിലെ വസ്ത്രങ്ങളോടാണ് പുള്ളികൾക്കും പ്രിയം.
ജയിൽ സുരക്ഷയ്‌ക്ക് വസ്ത്രം മാറ്റിയിട്ട് കാര്യമില്ലെന്ന അഭിപ്രായവും ഉണ്ട്. യൂണിഫോം പരിഷ്കരിച്ചാലും പ്രതികൾക്ക് ജയിൽചാടാനും ജീവനൊടുക്കാനും സെല്ലിൽ വിരിക്കുന്ന ആറടി നീളവും മൂന്നടി വീതിയുമുള്ള ജവുക്കാളം ധാരാളമാണെന്ന അഭിപ്രായവും ഉയർന്നു. ഇതെല്ലാം പരിഗണിച്ചാണ് യൂണിഫോം പരിഷ്‌കാരം ഉപേക്ഷിച്ചത്.
വനിതാ തടവുകാർക്കും യൂണിഫോമിൽ നമ്പർ
കൊവിഡിന് ശേഷം പുള്ളികൾ തിരിച്ചെത്തിയതോടെ ജയിലുകളിലെ സുരക്ഷ ശക്തമാക്കി. ജയിൽചാട്ടവും മറ്റും തടയാൻ വനിതാ തടവുകാർക്കും യൂണിഫോമിൽ അവരുടെ നമ്പരും ഉൾപ്പെടുത്തി. കറുപ്പ് അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ വലതുതോളിന്റെ ഭാഗത്താണ് നമ്പർ എഴുതുന്നത്. ജയിലിനകത്തും പുറത്തും പുള്ളികളെ തിരിച്ചറിയാൻ ഇത് ഉപകരിക്കും.
ജയിലുകൾ
സെൻട്രൽ ജയിൽ -4 (മലപ്പുറം തവനൂർ ഉൾപ്പെടെ
തുറന്ന ജയിൽ -2
അതീവ സുരക്ഷാ ജയിൽ-1
ജിയ്യാജയിൽ -13
സ്പെഷ്യൽ സബ് ജയിൽ- 15
തടവുകാർ
ആകെ- 8176
ശിക്ഷാപ്രതികൾ-2614
യൂണിഫോം പരിഷ്‌കാരം ആലോചിച്ചെങ്കിലും പല കാരണങ്ങളാൽ തള്ളി. സുരക്ഷ ശക്തമാക്കി ജയിൽചാട്ടം ഉൾപ്പെടെ തടയാൻ നടപടിയെടുത്തു.
-ഡി.ഐ.ജി, ജയിൽ വകുപ്പ്, തിരുവനന്തപുരം.