
പിണക്കമോ ദേഷ്യമോ ഉള്ള വ്യക്തിയെ അവസരം കിട്ടിയാൽ ദേഹോപദ്രവം ചെയ്യാൻ കാത്തിരിക്കുന്നവരാണ് പലരും. എന്നാൽ അങ്ങനെ ചെയ്ത് കഴിഞ്ഞാൽ പിന്നീടുണ്ടാകാൻ പോകുന്ന ഭവിഷ്യത്ത് ഓർത്ത് പലരും ദേഷ്യം ഉള്ളിലൊതുക്കാറാണ് പതിവ്. എന്നാൽ ശത്രുക്കളെ ചെളിയിൽ മുക്കിയ ചൂലുകൊണ്ട് അടിക്കുന്ന ഒരു സംസ്കാരം ഉണ്ട്. അധികമാരും കേട്ടിട്ടില്ലാത്ത ഈ ആചാരം നടക്കുന്നത് തമിഴ്നാട്ടിലെ തേനി ജില്ലയിലാണ്. ആണ്ടിപ്പട്ടിക്ക് സമീപം മറവപ്പട്ടിയിലെ 200വർഷം പഴക്കമുള്ള മുത്താലമ്മൻ കോവിലിൽ ഉത്സവത്തിനാണ് ഈ ചടങ്ങ് നടക്കുക.
ചിത്തിര മാസത്തിലാണ് ഈ ഉത്സവം നടക്കുന്നത്. ഉത്സവത്തിന്റെ തലേന്ന് കെട്ടുകാഴ്ചയും കാവടി ഘോഷയാത്രയും നടക്കും. ജോലിയ്ക്കായി ദൂരെസ്ഥലങ്ങളിൽ പോയിരിക്കുന്നവരെല്ലാം ഉത്സവത്തിന് ഒത്തുകൂടും. ഉത്സവത്തിന്റെ പ്രധാന ദിവസം സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ എല്ലാവരും മഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞാണ് ക്ഷേത്രത്തിൽ എത്തുക. തുടർന്ന് മുൻവൈരാഗ്യങ്ങൾ ഒഴിവാക്കാനും കുടുംബത്തിൽ ഐക്യം ഉണ്ടാകാനും എല്ലാവരും മുത്താലമ്മനെ ആരാധിച്ച് പ്രത്യേക വേഷം ധരിച്ച് ചെളിയിൽ നനച്ച ചൂലുകൊണ്ട് മാറിമാറി അടിക്കും. പിണക്കമുള്ള വ്യക്തി ക്ഷേത്രത്തിലെത്തിയില്ലെങ്കിൽ വീട്ടിലെത്തി ചൂലുകൊണ്ട് അടിക്കും. ഇതോടെ പിണക്കം മറന്ന് പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷത്തോടെയാണ് ഇവർ ക്ഷേത്രത്തിൽ നിന്ന് മടങ്ങുക. മൂന്ന് ദിവസം നീളുന്ന ഉത്സവത്തിന്റെ സമാപന ദിവസം രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഈ ചടങ്ങ് നടക്കുന്നത്. ഉത്സവസമയത്ത് മഴ ലഭിക്കാറുള്ളതിനാൽ ചൂല് ചെളിയിൽ മുക്കാൻ ബുദ്ധിമുട്ടില്ല. റോഡിൽ ചെളിവെള്ളമില്ലെങ്കിൽ സമീപത്തെ ഓടയിലുള്ള മലിനജലത്തിൽ മുക്കിയാകും അടിക്കുക. 200വർഷം പഴക്കമുള്ള ഈ ആചാരം ഇപ്പോഴും ഇവർ തുടരുകയാണ്.