
ഒട്ടനവധി ആരാധകരുള്ള സൂപ്പർസ്റ്റാറാണ് തെന്നിന്ത്യൻ താരം അല്ലു അർജുൻ. ഇപ്പോഴിതാ താരത്തിന് നേരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഒരു സാമൂഹ്യ പ്രവർത്തകൻ.
ഈയടുത്ത് അല്ലു അർജുൻ അഭിനയിച്ച പരസ്യം ആളുകളെ വഴിതെറ്റിക്കുന്നു എന്നുപറഞ്ഞാണ് ഇയാൾ പൊലീസിനെ സമീപിച്ചത്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യത്തിൽ അഭിനയിച്ചതാണ് താരത്തിന് തലവേദനയായിരിക്കുന്നത്.
കോത്ത ഉപേന്ദർ റെഡ്ഡി എന്ന സാമൂഹ്യ പ്രവർത്തകനാണ് പരസ്യത്തിനും താരത്തിനുമെതിരെ പരാതി നൽകിയിരിക്കുന്നത്. ഈ പരസ്യം ആളുകളെ വഴിതെറ്റിക്കുന്നു എന്നും തെറ്റായ വിവരങ്ങൾ നൽകുന്നുവെന്നും പരാതിയിൽ പറയുന്നു.
ജനങ്ങളെ കബളിപ്പിച്ചതിന് അല്ലു അർജുനേയും വിദ്യാഭ്യാസ സ്ഥാപനത്തേയും പ്രോസിക്യൂട്ട് ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. നേരത്തെയും അല്ലു അർജുൻ അഭിനയിച്ച പരസ്യം വിവാദത്തിലായിട്ടുണ്ട്. ഒരു ഫുഡ് ഡെലിവറി ആപ്പിനുവേണ്ടി ചെയ്‌ത പരസ്യമാണ് അന്ന് വിവാദത്തിലായത്.