sonia-rahul-ed

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും മൊഴിയെടുക്കാൻ വിളിപ്പിച്ചത് കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് രാജ്യത്തുടനീളമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസുകൾക്ക് മുന്നിൽ നാളെ പ്രകടനം നടത്താനൊരുങ്ങി കോൺഗ്രസ്.

ഇഡിയുടെ മുംബയ്, ഹൈദരാബാദ് ഓഫീസുകൾ ഉൾപ്പെടെ രാജ്യത്തെ 25 ഓളം ഓഫീസുകൾക്ക് മുന്നിലാണ് പാർട്ടി പ്രകടനം നടത്തുക. പ്രകടനത്തിൽ പാർട്ടി പ്രവർത്തക സമിതി അംഗങ്ങളും എം പിമാരും അടക്കമുള്ളവർ പങ്കെടുക്കുമെന്നാണ് വിവരം.

മൊഴിയെടുക്കലിനായി രാഹുൽ ഗാന്ധി നാളെയും സോണിയ ജൂൺ 23നുമാണ് ഇഡിയ്ക്ക് മുന്നിൽ ഹാജരാകേണ്ടത്. ഇത് സംബന്ധിച്ച് ഇഡി ഇരുവർക്കും സമൻസ് അയച്ചിട്ടുണ്ട്. ജൂൺ എട്ടിന് ഹാജരാകേണ്ടിയിരുന്ന സോണിയ കൊവിഡ് മൂലമുള്ള അനാരോഗ്യം ചൂണ്ടിക്കാട്ടി കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.