
തിരുവനന്തപുരം: ചിറയൻകീഴിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട് മർദിച്ചശേഷം പൊലീസിൽ ഏൽപിച്ചയാൾ മരിച്ചു. വേങ്ങോട് സ്വദേശി തുളസി എന്ന് വിളിക്കുന്ന ചന്ദ്രനാണ്(50) മരിച്ചത്. നാട്ടുകാർ ഇയാളെ മർദിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ മാസം 28നായിരുന്നു മർദനമേറ്റത്. ചികിത്സയിലിരിക്കെയായിരുന്നു മരണം.
പെരുങ്കുഴി ആറാട്ട്കടവ് മടയ്ക്കൽ ശിവപാർവതി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലാണ് ചന്ദ്രൻ കയറിയത്. നാട്ടുകാർ ഇയാളെ പിടികൂടി, കെട്ടിയിട്ട ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൈ രണ്ടും കൂട്ടിക്കെട്ടിയിരിക്കുന്ന ചന്ദ്രന്റെയും പൊലീസുകാരന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
നാട്ടുകാർ മർദിച്ചതായി ചന്ദ്രൻ മൊഴി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സാറെ എന്നെ തല്ലരുതെന്നും അടുത്തിടെ ഓപ്പറേഷൻ കഴിഞ്ഞതാണെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം.ഇവിടെ നിന്ന് പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെയെത്തുമ്പോൾ ചന്ദ്രൻ അവശനിലയിലായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
പരാതിക്കാര്‍ സ്റ്റേഷനിലെത്തി കേസെടുക്കരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ചന്ദ്രനെ ജാമ്യവ്യവസ്ഥയില്‍ വിട്ടയച്ചു. വേങ്ങോട്ടുള്ള സഹോദരിയുടെ വീട്ടിലേക്കാണ് ഇവിടെ നിന്ന് ചന്ദ്രൻ പോയത്. തുടർന്ന് ശരീരവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചു.
കുടലിന് ക്ഷതമേറ്റതായും അണുബാധ ഉള്ളതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. കടുത്ത മര്‍ദനം ഏറ്റതാകാം ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.