
വൈപ്പിൻ: ചെറായി ദേവസ്വംനടയിലെ പെട്രോൾപമ്പിൽ കവർച്ച നടത്തിയ യുവ ദമ്പതികൾ അറസ്റ്റിൽ. അങ്കമാലി മാമ്പ്ര സ്വദേശി റിയാദ് (22), ഭാര്യ തൃശൂർ പട്ടിക്കാട് ചെമ്പുത്ര സ്വദേശി ജോസ്‌ന മാത്യു (22) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ ചെറായി രംഭ ഓട്ടോ ഫ്യൂവൽസിന്റെ ഓഫീസ്‌മുറി കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈൽഫോണുമാണ് കവർന്നത്.
റിയാദിനെ അത്താണിയിലുള്ള ലോഡ്ജിൽനിന്നും ജോസ്‌നയെ ഇടപ്പള്ളി പോണേക്കരയിൽ നിന്നുമാണ് മുനമ്പം പൊലീസ് പിടികൂടിയത്. പ്രതികൾ പെട്രോൾ പമ്പിലെത്തുന്നതിനും തിരികെപ്പോകുന്നതിനും ഉപയോഗിച്ച മാരുതികാറും പെട്രോൾപമ്പ് കുത്തിത്തുറക്കാൻ ഉപയോഗിച്ച സ്‌ക്രൂഡ്രൈവറും കണ്ടെടുത്തു. ലഭിച്ച സി സി ടി വി ദൃശ്യങ്ങളിൽനിന്ന് പ്രതികളിൽ ഒരാൾ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഒന്നാംപ്രതി റിയാദ് എറണാകുളം, തൃശൂർ ജില്ലകളിലായി ഇരുപതിലധികം മോഷണക്കേസുകളിൽ പ്രതിയാണ്. ജോസ്‌ന ആദ്യമായാണ് പിടിയിലാകുന്നത്. ദമ്പതികളെ ഞാറക്കൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വേഗത്തിൽ പിടികൂടാനായത്. മുനമ്പം ഡി വൈ എസ് പി ടി ആർ രാജേഷ്, ഇൻസ്‌പെക്ടർ എ എൽ യേശുദാസ്, എസ് ഐമാരായ അരുൺദേവ്, സുനിൽകുമാർ, ബിജു, രാജീവ്, രതീഷ്ബാബു, എ എസ് ഐമാരായ സുരേഷ്ബാബു, ബിജു, സുനീഷ്‌ലാൽ, സി പി ഒമാരായ ആസാദ്, ശരത്ത്, അഭിലാഷ്, ജിനി, ലെനീഷ്, പ്രശാന്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.