up

പ്രയാഗ്‌രാജ്: ബിജെപി വക്താവായിരുന്ന നൂപുർ ശർമ്മ ടിവി ചാനൽ ചർച്ചയ്‌ക്കിടെ പ്രവാചകനിന്ദ നടത്തിയതുമായി ബന്ധപ്പെട്ട അലയൊലികൾ അടങ്ങുന്നില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ ഇന്നലെ യുപിയിലെ സഹ‌റാൻപൂരിൽ കലാപവുമായി ബന്ധപ്പെട്ടവരുടെ വീട് ജെസിബി ഉപയോഗിച്ച് ഭരണകൂടം ഇടിച്ച്നിരത്തിയിരുന്നു. ഇതിന്‌തുടർച്ചയായി ഇന്ന് പ്രയാഗ്‌രാജിലും നടപടിയുണ്ടാകും.

ജൂൺ ആദ്യം പ്രയാഗ്‌രാജിലുണ്ടായ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനായ മുഹമ്മദ് ജാവേദ് എന്ന ജാവേദ് പമ്പിന്റെ വീടാണ് ഇന്ന് പൊളിക്കുമെന്ന് പ്രയാഗ്‌രാജ് വികസന അതോറിറ്റി നോട്ടീസ് നൽകിയിരിക്കുന്നത്. മതിയായ അനുമതി വാങ്ങാതെ സ്ഥാപിച്ച നിർമ്മിതികൾ പൊളിച്ച്നീക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. കലാപം ഉണ്ടായതിന് പിന്നാലെ ജൂൺ അഞ്ചിന് നൽകിയ നോട്ടീസിൽ ജാവേദ് മറുപടി നൽകിയില്ലെന്നും അതിനാലാണ് പൊളിക്കലുമായി മുന്നോട്ട് പോകുന്നതെന്നും പ്രയാഗ്‌രാജ് വികസന അതോറിറ്റി അറിയിച്ചു.

മുഹമ്മദ് ജാവേദിന്റെ ആഹ്വാനമനുസരിച്ചാണ് സ്ഥലത്ത് അക്രമവും കലാപവും പൊട്ടിപ്പുറപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ജാവേദിനെ അറസ്‌റ്റ് ചെയ്‌ത പൊലീസ് ഗുണ്ടാ ആക്‌ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തതായി അറിയിച്ചു. വെള‌ളിയാഴ്‌ച പ്രയാഗ്‌രാജിലുണ്ടായ പ്രതിഷേധത്തിൽ 68 പേരാണ് അറസ്‌റ്റിലായത്. സഹറാൻപൂരിലെ കലാപത്തിൽ 306 പേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.