
തങ്ങളുടെ സ്വന്തം വെബ് ബ്രൗസറായ ഇന്റർനെറ്റ് എക്സ്‌പ്ലോററിന്റെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്ട്. വിൻഡോസ് 95 ഇലൂടെ 1995 ഓഗസ്റ്റ് 16 നാണ് മൈക്രോസോഫ്ട് ഇന്റർനെറ്റ് എക്സ്‌പ്ലോറർ പുറത്തിറക്കുന്നത്.
2003 ആയിരുന്നു എക്സ്‌പ്ലോററിന്റെ സുവർണ കാലഘട്ടം. 95 ശതമാനം ഉപയോഗ പങ്കാളിത്തമാണ് ആ വർഷം ഇതിനുണ്ടായിരുന്നത്. എന്നാൽ 2003 ന് ശേഷം മറ്റ് പല വെബ് ബ്രൗസറുകളും അവതരിച്ചു തുടങ്ങി. അതോടെ എക്സ്‌പ്ലോററിന്റെ കാലക്കേട് തുടങ്ങി. ക്രമേണ എക്സ്‌പ്ലോററിന് ഇവരോട് പിടിച്ചുനിൽക്കാൻ പറ്റാതാവുകയും ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവ് വരികയും ചെയ്തു.
ഗൂഗിളിന്റെ ക്രോമിനെ നേരിടുന്നതിനായി മൈക്രോസോഫ്ട് ഒരു ബ്രൗസർ കൂടെ പുറത്തിറക്കി. മൈക്രോസോഫ്ട് എഡ്ജ് എന്നായിരുന്നു അതിന് അവർ പേര് കൊടുത്തത്. പുതിയ ബ്രൗസർ കൊണ്ടുവരുന്ന ശ്രദ്ധയിൽ കമ്പനി പോലും എക്സ്‌പ്ലോററിനെ മൈൻഡ് ചെയ്യാതായി. 2016ൽ തന്നെ എക്സ്‌പ്ലോററിന്റെ വികസനങ്ങളും കമ്പനി നിറുത്തലാക്കി.
ഈ മാസം 15 ന് എക്സ്‌പ്ലോറർ പൂർണായി സേവനം അവസാനിപ്പിക്കുമെന്നാണ് ഔദ്യോഗിക വിവരം. അതേ സമയം മൈക്രോസോഫ്ട് എഡ്ജിൽ ഇന്റർനെറ്റ് എക്സ്‌പ്ലോറർ എന്ന ഒരു മോഡ് കമ്പനി നൽകിയിട്ടുണ്ട്. അതിലൂടെ ഉപയോക്താക്കൾക്ക് എഡ്ജിൽ നിന്ന് നേരിട്ട് എക്സ്‌പ്ലോറർ അടിസ്ഥാനമാക്കിയുള്ള വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും ആക്സസ് ചെയ്യാൻ കഴിയുമെന്നും കമ്പനി പറയുന്നു.

90 കളിലും 2000 ന്റെ അവസാനം വരെയും വീടുകളിലും ഓഫീസുകളിലും എല്ലാവരും ഉപയോഗിച്ചിരുന്നത് എക്സ്‌പ്ലോറർ തന്നെയായിരുന്നു. 2004 ൽ മോസില്ല ഫയർഫോക്സും 2008 ൽ ഗൂഗിളിന്റെ ക്രോമും വന്നതോടെയാണ് ഉപയോക്താക്കൾ അതിലേക്ക് ചേക്കേറാൻ തുടങ്ങിയത്.
ലോകത്തിലെ ഭൂരിഭാഗം പേരും ഇന്റർനെറ്റ് ലോകത്തിലേക്ക് കാലെടുത്തുവച്ചത് എക്സ്‌പ്ലോററിലൂടെ തന്നെയായിരിക്കും. എന്നാൽ കാലക്രമേണ ഗൂഗിൾ ക്രോമോ ഫയർഫോക്സോ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഉപകരണം മാത്രമായി എക്സ്‌പ്ലോറർ മാറി.
ഇന്നും മിക്കവരും ക്രോം ഡൗൺലോഡ് ചെയ്യുന്നതിന് മാത്രമേ മൈക്രോസോഫ്ട് എഡ്ജ് ഉപയോഗിക്കാറുള്ളു. കാലത്തിനൊത്ത് മാറാനും വേഗത്തിൽ പ്രവർത്തിക്കാനും കഴിയാത്തതാണ് എക്സ്‌പ്ലോററിന്റെ നാശത്തിലേക്ക് നയിച്ചത്. വേഗത തന്നെയാണ് ഏവരേയും എക്സ്‌പ്ലോററിൽ നിന്നും മറ്റ് ബ്രൗസറുകളിലേക്ക് ആകർഷിച്ചതും.
വേഗതക്കുറവിന്റെ കാര്യത്തിൽ എക്സ്‌പ്ലോററിനെ പലരും കളിയാക്കിയിട്ടുണ്ട്. എന്നാൽ കാലത്തിനൊത്ത മാറ്റം അതിലേക്ക് കൊണ്ടുവരുന്നതിൽ ബിൽ ഗേറ്റ്സിന്റെ ടീം പരാജയപ്പെട്ടു. അങ്ങനെ മൈക്രോസോഫ്ട് ഫോണുകളെപ്പോലെ ഇപ്പോൾ എക്സ്‌പ്ലോററും മൺമറയുന്നു.