swapna-suresh

കൊച്ചി: വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സ്വന്തം സുരക്ഷ വർദ്ധിപ്പിച്ച് സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്. രണ്ട് ബോഡി ഗാ‌ർഡിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. സുരക്ഷാ ജീവനക്കാർ മുഴുവൻ സമയവും സ്വപ്നയുടെ ഒപ്പമുണ്ടാവും. ജീവൻ അപകടത്തിലാണെന്നും ഭീഷണിയുണ്ടെന്നും അടുത്തിടെ സ്വപ്ന പറഞ്ഞിരുന്നു.

അതേസമയം, ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാലുടൻ അഭിഭാഷകനെ നേരിൽക്കണ്ട് നിയമോപദേശം തേടുന്നതിനായി സ്വപ്ന സുരേഷ് കൊച്ചിയിലേയ്ക്ക് പോകുമെന്നാണ് സൂചന. ഇന്ന് രാവിലെ പോകാൻ തീരുമാനിച്ചിരുന്നെങ്കിലും ഇന്നലെ രാത്രി മാദ്ധ്യമങ്ങളോട് സംസാരിക്കവേ കുഴഞ്ഞുവീണിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച സ്വപ്നയെ വീട്ടിലേയ്ക്ക് മാറ്റുകയായിരുന്നു.

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഡാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നാളെ ഹൈക്കോടതിയെ സമീപിക്കും. സ്വർണക്കടത്തുകേസിൽ മൊഴി നൽകിയതിനുള്ള പ്രതികാരമായാണ് കേസ് എടുത്തതെന്നാണ് സ്വപ്നയുടെ ആരോപണം.

സ്വർണക്കടത്ത് കേസിൽ മൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ കൊട്ടാരക്കര സ്വദേശി ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. ജീവന് ഭീഷണിയുണ്ടെന്നും, അതിനാലാണ് ശേഖരിച്ച തെളിവുകളെല്ലാം പുറത്തുവിടുന്നതെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.

എന്നാൽ സ്വപ്ന സുരേഷ് തന്റെ സുഹൃത്താണെന്നും ഭീഷണി​പ്പെടുത്തി​യി​ട്ടി​ല്ലെന്നുമായിരുന്നു ഷാജ് കിരൺ പ്രതികരിച്ചത്. മുഖ്യമന്ത്രി​യെയോ കോടി​യേരി​ ബാലകൃഷ്ണനെയോ പരി​ചയമി​ല്ല. എം. ശി​വശങ്കറെ നേരി​ൽ കണ്ടി​ട്ടി​ല്ലെന്നും ഷാജ് വ്യക്തമാക്കി.