
മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്ന പ്രധാന ഘടകമാണ് കെരാറ്റിൻ. ഇത് സ്വാഭാവികമായി തന്നെ നമ്മുടെ മുടിയിഴകളിലുണ്ട്. അന്തരീക്ഷ മലിനീകരണമോ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകക്കുറവോ കാരണം ഇവ മുടിയിൽ നിന്ന് നഷ്ടപ്പെടുമ്പോഴാണ് മുടി കൊഴിച്ചിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ബ്യൂട്ടിപാർലറുകളിൽ പതിനായിരങ്ങൾ മുടക്കി പലരും കെരാറ്റിൻ ട്രീറ്റ്മെന്റ് ചെയ്യാറുണ്ടെങ്കിലും ചിലരിൽ ഇത് മുടികൊഴിച്ചിൽ കൂടാൻ കാരണമാകുന്നു. എന്നാൽ ഇത്രയും പണം ചെലവാക്കാതെ തന്നെ കെരാറ്റിൻ ട്രീറ്റ്മെന്റ് വീട്ടിൽ തന്നെ ചെയ്യാം. ഇതിനായി അടുക്കളയിലുള്ള മൂന്ന് സാധനങ്ങൾ മാത്രം മതി.

1. വെണ്ടയ്ക്ക
മുടിയുടെ മാത്രമല്ല, ചർമത്തിന്റെയും ആരോഗ്യത്തിന് മികച്ചതാണ് വെണ്ടയ്ക്ക. ധാരാളം വിറ്റാമിനുകളും മിനറലുകളും കൂടാതെ ആന്റിഓക്സിഡന്റുകളായ ബീറ്റ കരോട്ടിൻ, സെന്തീൻ, ലുട്ടീൻ എന്നിവയാൽ സമൃദ്ധമാണ് വെണ്ടയ്ക്ക. കാഴ്ചശക്തി വർദ്ധിക്കാനും ഇത് സഹായിക്കുന്നു. ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന ദോഷകരമായ തന്മാത്രകൾ നിന്ന് ശരീരത്തെ അകറ്റി നിർത്താനും വെണ്ടയ്ക്ക കഴിക്കുന്നതിലൂടെ കഴിയും.

2. കോൺഫ്‌ളോർ
മുഖത്തിന്റെയും, മുടിയുടെയും സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് കോൺഫ്‌ളോർ. കെരാററിന്‍ ചികിത്സയിലും ഇതൊരു പ്രധാന ചേരുവയാണ്. മുടി സ്ട്രെയിറ്റാകാൻ ഇത് സഹായിക്കുന്നു.

3. വെളിച്ചെണ്ണ/ ബദാം എണ്ണ
എണ്ണ നിങ്ങളുടെ ശിരോചർമത്തിന് പോഷണം നൽകുകയും, അതുവഴി മുടിയുടെ വളർച്ച കൂടാൻ സഹായിക്കുകയും ചെയ്യുന്നു. മുടി ഷാംപൂ ചെയ്യുന്നതിനുമുമ്പ് വെളിച്ചെണ്ണ പുരട്ടുന്നത് മുടി കെട്ടിപിണയുന്നത് കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല മുടിക്ക് തിളക്കം നൽകുകയും ചെയ്യുന്നു. വെളിച്ചെണ്ണയ്ക്ക് പകരം ബദാം ഓയില്‍ ഉപയോഗിയ്ക്കാം. ഇതും മുടിയ്ക്ക് ഏറെ നല്ലതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമായ ബദാം എണ്ണ ഹെയർ മാസ്കുകളിൽ ചേർക്കുന്നത് മൃദുവായ ബലമുള്ള മുടി ലഭിക്കാൻ സഹായിക്കും. കൂടാതെ, മലിനീകരണം കാരണം മുടിയിഴകൾക്ക് സംഭവിച്ച കേടുപാടുകൾ പരിഹരിക്കാനും ഇവ സഹായിക്കുന്നു. അതിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനുകളും വിറ്റാമിൻ ഇയും ശിരോചർമത്തിനും മുടിക്കും ആവശ്യമായ എല്ലാ പോഷണങ്ങളും നൽകുന്നു.
ഹെയർപാക്ക്
ആദ്യം വെണ്ടയ്ക്ക നല്ലതു പോലെ കഴുകി മിക്‌സിയില്‍ നന്നായി അരച്ച് അരിച്ചെടുക്കണം. ഇതിലേയ്ക്ക് അല്‍പം കോണ്‍ഫ്‌ളോര്‍ ചേര്‍ക്കുക. അര ടീസ്പൂണ്‍ മതിയാകും. ഈ മിശ്രിതം അടുപ്പില്‍ വച്ച് കുറഞ്ഞ തീയില്‍ ഇളക്കിയെടുക്കുക. നല്ല കട്ടിയാകുമ്പോൾ വാങ്ങാം. ഇതിലേയ്ക്ക് അല്‍പം വെളിച്ചെണ്ണ അല്ലെങ്കില്‍ ബദാം ഓയില്‍ ചേര്‍ത്തിളക്കുക. ഈ പാക്ക് മുടിയില്‍ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. മുടിയ്ക്ക് തിളക്കം നല്‍കാനും മുടിയുടെ പ്രശ്‌നങ്ങള്‍ മാറാനും ഈ ഹെയർപാക്ക് നല്ലതാണ്. മാസത്തിൽ നാല് തവണ ഇത് ചെയ്താൽ മുടി സ്ട്രെയിറ്റാകുന്നതിനും നല്ലതാണ്.