
അമ്പലപ്പുഴ: കിടപ്പുരോഗിയായ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്തിയ എഴുപത്തിയൊന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ ശ്യാം നിവാസിൽ ശശിയെയാണ് അമ്പലപ്പുഴ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ പത്തു മണിയോടെയാണ് ഭാര്യ രമയെ (65) മരിച്ച നിലയിൽ ശശി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
തലയ്‌ക്കേറ്റ ആറും ശരീരത്തിലേറ്റ മൂന്നും മുറിവുകളാണ് മരണകാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തലയുടെ ഉച്ചിയിൽ ഇടിയേറ്റ് മുഴച്ചിരുന്നു. ഇരുതോളുകളിലും തുടയിലും മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ശശിയെ പല പ്രാവശ്യം ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിച്ചിരുന്നില്ല. മരണസമയത്ത് ശശിയും രമയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇളയ മകൻ ശരത് രാവിലെ എട്ടു മണിയോടെ ചേർത്തലയിലെ സ്വകാര്യ കോളേജിൽ എം.ബി.എ പരീക്ഷയ്‌ക്ക് പോയിരുന്നു. 20 വർഷമായി ആസ്ത്മ രോഗിയായിരുന്ന രമ കഴിഞ്ഞ 10 വർഷമായി തലച്ചോറിലെ ഞരമ്പുകളിലെ കോശങ്ങൾ തകരാറിലാകുന്ന രോഗത്തിനും ചികിത്സയിലായിരുന്നു.
മൃതദേഹം സംസ്ക്കരിക്കാനുള്ള തിടുക്കം കുടുക്കി
ആശുപത്രി അധികൃതർ മരണവിവരം പൊലീസിനെ അറിയിച്ചതോടെ ശശിയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. മൃതദേഹം വേഗത്തിൽ സംസ്‌കരിക്കുന്നതിനായി ചികിത്സാ രേഖകളുമായാണ് ഇയാൾ എത്തിയത്. രമയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെന്നായിരുന്നു ആദ്യ മൊഴി. കട്ടിലിൽ നിന്ന് നിലത്തു വീണ് മരിച്ചെന്ന് പിന്നീട് പറഞ്ഞു. ഇതോടെ
ഫോറൻസിക് വിദഗ്ദ്ധൻ ഡോ.സ്നേഹൽ അശോകും സി.ഐ ദ്വിജേഷും ചേർന്ന് വീട്ടിലെത്തി ശാസ്ത്രീയമായ പരിശോധനകൾ നടത്തി. ശശി ഭാര്യയും മകനുമായി ശത്രുതയിലാണെന്നും വഴക്ക് പതിവായിരുന്നെന്നും നാട്ടുകാരും മൊഴി നൽകി.
രാവിലെ എട്ടു മണിക്ക് മുമ്പായി ഭക്ഷണം നൽകി മകൻ പരീക്ഷയ്‌ക്ക് പോകുമ്പോൾ രമയുടെ ദേഹത്ത് പാടുകളൊന്നുമില്ലായിരുന്നു. തലയിലെ മുഴ കണ്ടതോടെ അച്‌ഛനെ സംശയമുണ്ടെന്ന് ശരത്തും മൊഴി നൽകി. എന്നാൽ, മകൻ അമ്മയെ കൊന്നിട്ട് കടന്നുകളയുകയായിരുന്നെന്ന് ശശി പൊലീസിനോട് പറഞ്ഞു. ശരത്ത് വീട്ടിൽ നിന്നിറങ്ങി അമ്പലപ്പുഴ ക്ഷേത്രത്തിൽ കാണിയ്‌ക്ക അർപ്പിച്ച് പരീക്ഷാ കേന്ദ്രത്തിലെത്തിയെന്ന് സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമായി.
ചൊവ്വാഴ്ച രാവിലെ 9.45 ന് സഹോദരി സുശീല ഫോണിൽ രമയുമായി സംസാരിച്ചിരുന്നു. വ്യക്തതയില്ലാത്ത സംസാരം നിലച്ചതോടെ ശശിയുടെ ഫോണിലേക്ക് സുശീല വിളിച്ചു. എന്നാൽ, കുറേ സമയം മുമ്പ് 'അവൾ" മരിച്ചെന്നായിരുന്നു ശശിയുടെ മറുപടി. കട്ടിലിൽ നിന്ന് താഴെ വീണല്ല മരിച്ചെന്ന് ഉറപ്പിക്കാൻ പൊലീസ് ഡെമ്മി പരീക്ഷണവും നടത്തി. വർഷങ്ങൾക്ക് മുമ്പ് രമയെ വെട്ടിക്കൊലപ്പെടുത്താൻ ശശി ശ്രമിച്ചിരുന്നതായും തെളിഞ്ഞു. 12 ലധികം സാഹചര്യതെളിവുകളും ലഭിച്ചതോടെ ശശിയെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഗൾഫിലായിരുന്ന ശശി നാട്ടിലെത്തി ഇലക്ട്രിക്കൽ ജോലികൾ ചെയ്തു വരികയായിരുന്നു.
അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി.നായർ, സി.ഐ ദ്വിജേഷ്, എസ്.ഐമാരായ ടോൾസൺ, ബൈജു, സി.പി.ഒമാരായ എം.കെ.വിനിൽ ,ടോണി, രാജീവ്, ബിനോയ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.