james-koodal

തിരുവനന്തപുരം: ഒ.ഐ.സി.സി. യുഎസ്എ ചെയർമാനും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ട്രഷററുമായ ജെയിംസ് കൂടൽ മൂന്നാമത് ലോക കേരളസഭയിലെ അംഗമാകും. ജൂൺ 16, 17, 18 തീയതികളിൽ തിരുവനന്തപുരത്താണ് സഭ ചേരുന്നത്.

കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾക്കൊപ്പം നൂറ്റി എഴുപതോളം രാജ്യങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സഭയിലെ അംഗങ്ങൾ. മലയാളികളായ പ്രവാസികളുടെ ആഗോളകൂട്ടായ്മയും അതിലൂടെ വിവിധ വിഷയങ്ങളിലുള്ള ചർച്ചകളുമാണ് ലോക കേരളസഭ ലക്ഷ്യംവയ്ക്കുന്നത്.

1994 മുതൽ ബഹ്‌റൈനിലും 2015 മുതൽ യു.എസ്.എയിലുമായി വിവിധ മേഖലകളിൽ സേവനം നടത്തി വരുന്ന വ്യക്തിത്വമാണ് ജെയിംസ് കൂടലിന്റേത്. പൊതുപ്രവർത്തനം, ജീവകാരുണ്യം, മാദ്ധ്യമം തുടങ്ങി വിവിധ മേഖലകളിലെ സജീവ സാന്നിദ്ധ്യമാണ്. ഹൂസ്റ്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എം എസ് ജെ ബിസിനസ് ഗ്രൂപ്പ് ചെയർമാൻ, ഗ്ലോബൽ ഇന്ത്യൻ ഗ്രൂപ്പ് ചെയർമാൻ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ട്രഷറർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (അമേരിക്ക) ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

അഖില കേരള ബാലജനസഖ്യത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമായി. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ്, ബെഹ്‌റൈൻ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലുള്ള കോഡിനേഷൻ കമ്മിറ്റി ഓഫ് ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി, ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ഉപദേശക സമിതി അംഗം, ഓവർസീസ് ഇന്ത്യൻ കോൺഗ്രസ് ഗ്ലോബൽ ട്രഷറർ, ബഹ്‌റൈൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ്, ജയ്ഹിന്ദ് ചാനൽ ബഹ്‌റൈൻ ബ്യൂറോ ചീഫ്, നോർക്ക അഡൈ്വസറി ബോർഡ് അംഗം, കോൺഗ്രസ് കലഞ്ഞൂർ മണ്ഡലം പ്രസിഡന്റ്, അടൂർ താലൂക്ക് റബർ മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്

പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും ലോക കേരളസഭയിൽ ഉയർത്തികാട്ടുമെന്നും പ്രവാസികളുടെ ഉന്നമനത്തിനാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുമെന്നും ജെയിംസ് കൂടൽ പറഞ്ഞു.