jindal

ന്യൂഡൽഹി: തന്നെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ‌ചെയ്യരുതെന്ന് അഭ്യർത്ഥനയുമായി ബിജെപിയിൽ നിന്നും പുറത്താക്കിയ നേതാവ് നവീൻ കുമാർ ജിൻഡൽ.

'എന്നെക്കുറിച്ചോ, കുടുംബത്തെക്കുറിച്ചോ വിവരങ്ങളൊന്നും ആരുമായും പങ്കുവയ്‌ക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. നിരന്തരം അപേക്ഷിച്ചിട്ടും പലരും എന്റെ വീടിനെക്കുറിച്ച് വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നു.' ജിൻഡൽ പറഞ്ഞു. തനിക്കും കുടുംബത്തിനും ഇസ്ളാമിക തീവ്രവാദികളിൽ നിന്നും വധഭീഷണി നേരിടുന്നതായും ട്വിറ്റർ പോസ്‌റ്റിൽ നവീൻ കുമാർ ജിൻഡൽ പറയുന്നു.

തനിക്ക് ലഭിച്ച ചില ഭീഷണിസന്ദേശങ്ങൾ പങ്കുവച്ച ജിൻഡൽ പൊലീസിനോട് മതിയായ നടപടിയെടുക്കണമെന്നും അഭ്യർത്ഥിച്ചു. സാമുദായിക സൗഹാർദ്ദം തകർക്കുന്നതാണ് ജിൻഡലിന്റെ പ്രസ്‌താവനയെന്ന് പുറത്താക്കിക്കൊണ്ടുള‌ള പ്രസ്‌താവനയിൽ ബിജെപി പറഞ്ഞു. പാർട്ടിയുടെ അച്ചടക്കം ജിൻഡൽ ലംഘിച്ചതായും പറയുന്നു.

മുൻ മാദ്ധ്യമ പ്രവർത്തകനായ നവീൻ കുമാർ ജിൻഡൽ മുൻപും സമൂഹമാദ്ധ്യമങ്ങളിലൂടെ ഇത്തരം സ്‌പർദ്ധ ഉളവാക്കുന്ന പോസ്‌റ്റുകളുടെ പേരിൽ വിമ‌ർശനങ്ങൾ നേരിട്ടയാളാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അപകീർത്തിപ്പെടുത്തുന്ന വീ‌ഡിയോ ഷെയർ ചെയ്‌തതിന് പഞ്ചാബിൽ ഇയാൾക്കെതിരെ കേസുണ്ട്.