
ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രാഖി സാവന്ത്. ഇപ്പോഴിതാ തന്റെ മുൻഭർത്താവിനെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിരിക്കുകയാണ് ഡാൻസറും അവതാരകയും മോഡലും കൂടിയായ താരം. പൊലീസിൽ പരാതി നൽകിയ ശേഷം പുറത്തുവന്ന രാഖി പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ മുൻഭർത്താവിനെതിരെ നടത്തിയ ആരോപണങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
മുൻ ഭർത്താവ് റിതേഷ് സിംഗിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മുംബയ് ഓഷിവാര പൊലീസിൽ നൽകിയ പരാതിയിൽ രാഖി ഉന്നയിക്കുന്നത്. ഭർത്താവുമൊത്ത് കഴിഞ്ഞ മൂന്ന് വർഷം എങ്ങനെയായിരുന്നുവെന്ന് തനിക്ക് മാത്രമേ അറിയാവൂ എന്ന് താരം വീഡിയോയിലൂടെ പറഞ്ഞു.
'വിവാഹം കഴിച്ചെങ്കിലും ലോക്ഡൗൺ സമയത്ത് വീട്ടിൽ ഞാൻ ഒറ്റയ്ക്കാണ് കഴിഞ്ഞത്. ഭർത്താവ് തിരിഞ്ഞുനോക്കിയില്ല. ഇതുപോലൊരു ഭർത്താവിനെ വേറൊരാൾക്കും ഇനി കിട്ടരുത്. എന്റെ ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ റിതേഷ് മാറ്റി'- രാഖി പറഞ്ഞു.
രാഖി സാവന്തും റിതേഷ് സിംഗും തമ്മിൽ വേർപിരിയുന്നത് 2022 ഫെബ്രുവരിയിലാണ്. സുഹൃത്ത് ആദിലിനൊപ്പമാണ് രാഖി പൊലീസ് സ്റ്റേഷനിലെത്തിയത്. കരയുന്ന രാഖിയെ ഇയാൾ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.