virtual-shoes

ഇന്ന് ഭൂരിഭാഗം പേരും സാധനങ്ങൾ വാങ്ങുന്നത് ഓൺലൈനിലൂടെയാണ്. വസ്ത്രങ്ങൾ, വാച്ച്, ചെരുപ്പ്, തൊപ്പി, ഫോൺ, ടിവി, ഫ്രിഡ്ജ് അങ്ങനെ എന്തിനും ഏതിനും ഇ കൊമേഴ്സ് സൈറ്റുകളെയാണ് നാം ആശ്രയിക്കുന്നത്. മികച്ച ഓഫറുകൾക്ക് പുറമേ സാധനം വീട്ടിലെത്തുന്നതും, പല തരം പ്രോഡക്ടുകളുമായി താരതമ്യം ചെയ്യാൻ സാധിക്കുന്നതുമൊക്കെ തന്നെയാണ് ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ കൊമേഴ്സ് സൈറ്റുകൾക്ക് ജനപ്രീതി വർദ്ധിക്കാൻ കാരണം.

എന്നാൽ ഇതിൽ തന്നെ വസ്ത്രങ്ങളും ചെരുപ്പും ഓൺലൈനായി വാങ്ങുമ്പോൾ നമുക്ക് പല അമളികളും പറ്റാറുണ്ട്. ചിലപ്പോൾ സൈസ് ശരിയാകില്ല, നമ്മുടെ സ്കിൻ ടോണിന് അത് ചേരില്ല അങ്ങനെ പല പ്രശ്നങ്ങൾ ഈ വസ്തുക്കൾ വാങ്ങുമ്പോൾ ഉണ്ടാകാറുണ്ട്.

എന്നാൽ ഷൂസ് വാങ്ങുമ്പോൾ ഇനി അത്തരം പ്രശ്നം ഉണ്ടാകില്ല. റിട്ടേൺ ചെയ്തും റീപ്ലെയ്സ് ചെയ്തും സമയം പാഴാക്കണ്ട. ഇതിനായി ആമോസൺ തന്നെ ഒരു വഴി കണ്ടെത്തിയിട്ടുണ്ട്. വെർച്വൽ റിയാലിറ്റി ട്രൈ ഓൺ ഷൂസ് എന്നാണ് ഈ ഫീച്ചറിന് പേര് നൽകിയിരിക്കുന്നത്.

ഇത് പ്രകാരം ഇനി ഉപഭോക്താവിന് ഷൂസ് വിർച്വലായി ഇട്ടുനോക്കാം. കാലിന്റെ സ്കിൻ ടോണിന് അത് ചേരുമോ, കാണാൻ എങ്ങനെയുണ്ടാകും തുടങ്ങിയ ചോദ്യങ്ങൾക്ക് ഇതുവഴി പരിഹാരം കണ്ടെത്താം.

ഈ ഫീച്ചർ ഉപയോഗപ്പെടുത്താനായി ആമസോൺ ആപ്പിനുള്ളിൽ നാം തിരഞ്ഞെടുത്ത ഷൂസിന് താഴെയുള്ള വെർച്വൽ ട്രൈ ഓൺ എന്നതിൽ ക്ലിക്ക് ചെയ്യണം. ശേഷം ക്യാമറയിലൂടെ കാലിനെ ഫോക്കസ് ചെയ്യണം. ഇത് വഴി ഷൂസ് കാലിൽ എങ്ങനെ കാണപ്പെടുന്നു എന്ന് നമുക്ക് തന്നെ മനസിലാക്കാം.

virtual-shoes

ക്യാമറ മാറ്റുന്നതിന് അനുസരിച്ച് ഷൂസ് കാണപ്പെടുന്ന വിധവും മാറും. അതായത് ഏത് ആങ്കിളിൽ നിന്ന് നോക്കിയാലും കാലിൽ ഷൂസ് എങ്ങനെ കിടക്കുന്നു എന്ന് മനസിലാക്കാം. കാലുകൾ ചലിപ്പിക്കുമ്പോഴും ഷൂസ് അതിനനുസരിച്ച് ചലിക്കും.

വെർച്വലായി ഷൂസിന്റെ കളറും മാറ്റി നോക്കാൻ സാധിക്കും. നിറം മാറ്റുന്നതിന് ഷൂസ് മാറ്റേണ്ട ആവശ്യവുമില്ല. അതിനുള്ള സൗകര്യവും സ്ക്രീനിൽ തന്നെ കാണും.ഇതുവഴി കാലിന് ഇണങ്ങുന്ന ഷൂസും കളറും ഏതാണെന്ന് വീട്ടിലിരുന്ന് തന്നെ കണ്ടെത്താം. കാലിൽ ഈ ഷൂസ് കിടക്കുന്ന ചിത്രം പകർത്തി സുഹൃത്തക്കൾക്ക് അയക്കാനും ആമസോൺ അനുവധിക്കുന്നുണ്ട്. ഇത് വഴി സുഹൃത്തക്കളോടും വീട്ടുകാരോടും അഭിപ്രായം തിരക്കിയ ശേഷം ഷൂസ് വാങ്ങാനും സാധിക്കും.

virtual-shoes

കൂടുതൽ മികച്ച രീതിയിൽ ഷോപ്പിംഗ് അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇത്തരം പുത്തൻ ഫീച്ചറുകൾ കൊണ്ടുവരുന്നത്. തുടക്കം എന്ന നിലയിൽ ഇതി ഇപ്പോൾ അമേരിക്കയിലും കാനഡയിലും മാത്രമേ ലഭിക്കുകയുള്ളു. എന്നിരുന്നാലും വൈകാതെ ഇത് ഇന്ത്യയിലും ലഭ്യമാകുമെന്നാണ് കരുതുന്നത്