
കേരളത്തിലെ ഏറ്റവും പ്രായംചെന്ന വനിതാ കളരി ഗുരുക്കളാണ് വടകരക്കാരിയായ മീനാക്ഷിഅമ്മ. പുതുപ്പണം കരിമ്പനപ്പാലത്ത് പരേതനായ വി.പി.രാഘവൻ ഗുരുക്കളുടെ ഭാര്യ.അച്ഛന്റെ കൈപിടിച്ച് രാഘവൻ ഗുരുക്കളുടെ കളരിയിൽ പയറ്റ് പഠിക്കാനെത്തുമ്പോൾ മീനാക്ഷിഅമ്മയ്ക്ക് ഏഴ് വയസായിരുന്നു. 79ൽ എത്തിനിൽക്കുമ്പോഴും മീനാക്ഷിഅമ്മയ്ക്ക് അതേ ചുറുചുറുക്കാണ്. പ്രതിഫലേച്ഛയില്ലാത്ത ആത്മസമർപ്പണത്തിന് രാജ്യം പദ്മശ്രീ നൽകിയാണ് മീനാക്ഷിഅമ്മയെ ആദരിച്ചത്.
കോവളത്തെത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് വെളളാർ ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിന്റെ രണ്ടാംഘട്ട വികസനം വേഗത്തിൽ പുരോഗമിക്കുന്നു. കളരി അക്കാഡമി,കാരവാൻ പാർക്ക്,അഡ്വഞ്ചർ ടൂറിസം എന്നിവയാണ് രണ്ടാംഘട്ട വികസനത്തിൽ ഉൾപ്പെടുന്നത്. പത്ത് കോടി രൂപയാണ് പദ്ധതിച്ചെലവ്. മൂന്ന് മാസത്തിനകം കളരി അക്കാഡമിയുടെ നിർമ്മാണം പൂർത്തിയാക്കും. കാരവാൻ പാർക്കും അഡ്വഞ്ചർ ടൂറിസവും പൂർത്തിയാക്കാൻ ആറ് മാസം വേണം.അഞ്ച് കാരവാനുകൾ ഉൾപ്പെടുത്തിയാകും കാരവാൻ പാർക്ക്. പദ്മശ്രീ നേടിയ മീനാക്ഷിഅമ്മയുടെ മേൽനോട്ടത്തിലാകും കളരി അക്കാഡമി പ്രവർത്തിക്കുക. കളരി പഠന ഗവേഷണകേന്ദ്രം എന്ന നിലയ്ക്കാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്.പ്രാക്‌ടീസ്,പെർഫോമൻസ്,കളരിയുമായി ബന്ധപ്പെട്ട ചികിത്സകൾ എന്നിവയും ഉണ്ടാകും.ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജായതിനാൽത്തന്നെ നൃത്തവും കളരിയും തമ്മിൽ ബന്ധിപ്പിക്കുന്ന നൂതന രൂപങ്ങൾക്കായിരിക്കും മുൻതൂക്കം. കുഴിക്കളരിക്കായിരിക്കും അക്കാഡമിയിൽ കൂടുതൽ പ്രാധാന്യം.
2021 ജനുവരി 16നാണ് വെളളാറിൽ ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് പ്രവർത്തനം തുടങ്ങിയത്.കൊവിഡ്, ഒമിക്രോൺ ആശങ്കകളെ തുടർന്ന് ഏഴ് മാസത്തോളം അടച്ചിട്ടിരുന്നു.കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് സ്ഥാപനം ഉദ്ദേശിച്ച ട്രാക്കിലായത്. എട്ടര ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഈ കലാഗ്രാമത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് 28 സ്റ്റുഡിയോകളിലായി അമ്പതോളം ക്രാഫ്റ്റുകൾ പരിചയപ്പെടാനും അവയുടെ പ്രവർത്തനം കാണാനും വാങ്ങുന്നതിനുമുള്ള അവസരമുണ്ട്.