sexual-assault-

ഭോപ്പാൽ: ലൈംഗികാതിക്രമം തടഞ്ഞ സ്ത്രീയെ പേപ്പർ കട്ടറുപയോഗിച്ച് ആക്രമിച്ച് പ്രതികൾ. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ മുഖത്ത് 118 തുന്നലുകളുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയയായ ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഭർത്താവിനൊപ്പം ടിടി നഗർ റോഷൻപുരിയിലുള്ള ശ്രീ പാലസ് ഹോട്ടലിലേയ്ക്ക് പോയ യുവതിയെയാണ് ഒരു സംഘം യുവാക്കൾ ചേർന്ന് ആക്രമിച്ചത്. പാർക്കിംഗിനിടെ ദമ്പതികളും യുവാക്കളും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. ഭർത്താവ് ഹോട്ടലിനുള്ളിൽ ഇരിക്കേ, സ്ത്രീയെ യുവാക്കൾ അസഭ്യം പറയുകയും ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ സ്ത്രീ പ്രതികളോട് കയർത്തുവെന്നും ഒരു യുവാവിനെ തല്ലിയെന്നും പൊലീസ് പറയുന്നു. ഈ സംഭവത്തിന് ശേഷം സ്ത്രീ ഹോട്ടൽ മുറിയിലേയ്ക്ക് പോയി.

പിന്നീട് ദമ്പതികൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ തക്കം നോക്കി പ്രതികൾ പേപ്പർ കട്ടറുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഭർത്താവാണ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. പ്രതികളായ ബാദ്ഷാ ബേഗ്, അജയ് എന്ന ബിട്ടി സിബ്‌ഡെ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്നാം പ്രതിയെ പിടികൂടാനുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് രാവിലെ ദമ്പതികളെ സന്ദർശിക്കുകയും അവരുടെ ചികിത്സയ്ക്ക് പൂർണമായ സഹായം വാഗ്ദ്ധാനം ചെയ്യുകയും ചെയ്തു. സ്ത്രീയുടെ ധൈര്യത്തെ പ്രശംസിച്ച ചൗഹാൻ അവർക്ക് ഒരു ലക്ഷം രൂപ സമ്മാനിച്ചു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.