mundeshwari-temple-bihar-

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതമാണ് ഹിന്ദു മതം. ബി സി 2300 നും ബി സി 1500 നും ഇടയ്ക്കാണ് ഹിന്ദുമതം ആരംഭിച്ചതെന്നാണ് ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ മതം ഇതല്ല. ആഗോള ജനതയുടെ 15 മുതൽ 16 ശതമാനം വരെ മാത്രമേ ഹിന്ദുമതക്കാരുള്ളു. അതായത് ഏകദേശം 120 കോടി പേർ മാത്രമേ ഹിന്ദുമതത്തിൽ വിശ്വസിക്കുന്നുള്ളു. ഇക്കാര്യങ്ങൾ ഒക്കെ പലർക്കും അറിവുള്ളത് തന്നെയാണ്. എന്നാൽ ഹിന്ദുമതത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം ഏതാണെന്നറിയുമോ?

ബീഹാറിലെ സോൺ കനാലിനടുത്തുള്ള കൈമൂർ പീഠഭൂമിയിലെ മുണ്ടേശ്വരി കുന്നിലെ റാംഗർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മുണ്ടേശ്വരി ദുർഗാ ദേവീ ക്ഷേത്രമാണ് ഇന്നും ആരാധന നടക്കുന്നതും ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതുമായ ഹിന്ദു ക്ഷേത്രം. സമുദ്ര നിരപ്പിൽ നിന്ന ഏകദേശം 608 അടി ഉയരത്തിലാണ് ഈ ക്ഷേത്രമുള്ളത്. ബനാറസിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭാബുവ എന്ന സ്ഥലത്താണ് മുണ്ടേശ്വരി കുന്നുള്ളത്.

mundeshwari-temple-bihar-

1915 മുതൽ ഈ ക്ഷേത്രത്തെ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ (എ എസ് ഐ) സംരക്ഷിത സ്മാരകത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. എ എസ് ഐ യുടെ രേഖകൾ പ്രകാരം കറന്റ് എറ (സി ഇ അഥവാ എ ഡി) 108 ാം ആണ്ടിലാണ് ഈ ക്ഷേത്രം നിർമിച്ചതെന്നാണ് കരുതപ്പെടുന്നത്.

ദുർഗാ ദേവിയാണ് ഇവിടുത്തെ പ്രധാന വിഗ്രഹം. ഇവിടുത്തെ ഒരു ഫലകത്തിലെ വിവരങ്ങൾ ക്ഷേത്രം 625 ാം ആണ്ടിലേതാണെന്ന് സൂചിപ്പിക്കുന്നുണ്ട്. കൂടാതെ 635ാം ആണ്ടിലെ തീയതിയിലെ ഹിന്ദു ലിഖിതങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഈ കുന്നിൻമുകൾ മതപരവും വിദ്യാഭ്യാസപരവുമായ ഒരു കേന്ദ്രമായിരുന്നുവെന്ന് ഈ ഫലകങ്ങളിൽ സൂചന നൽകുന്നുണ്ട്.

മാത്രമല്ല ഇവിടെ മണ്ഡലേശ്വർ എന്ന മറ്റൊരു വലിയ ക്ഷേത്രം ഉണ്ടായിരുന്നതായും അവിടുത്തെ പ്രധാന വിഗ്രഹം പരമശിവന്റേതായിരുന്നുവെന്നുമുള്ള സൂചനകളും ഈ ഫലകത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മണ്ഡലേശ്വർ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായിരുന്നു മണ്ഡലേശ്വർ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നതായാണ് കരുതപ്പെടുന്നത്.

കാലക്രമേണ ക്ഷേത്രം പല ആക്രമണങ്ങൾക്കും വിധേയമായി കേടുപാടുകൾ സംഭവിച്ചു. അങ്ങനെ മണ്ഡേശ്വരിയുടെ വിഗ്രഹം ക്ഷേത്രത്തിന്റെ കിഴക്കേ അറയിൽ സൂക്ഷിച്ചിരുന്നതായും വിവരങ്ങളുണ്ട്.

mundeshwari-temple-bihar-

ക്ഷേത്രത്തിന്റെ രൂപകൽപന വളരെ കൗതുകമേറിയതാണ്. അഷ്ടഭുജാകൃതിയിൽ മണൽക്കല്ലുകളാൽ നിർമിതമാണ് ക്ഷേത്രം. ഈ നിർമാണ രീതി വളരെ വിരളമാണ്. ഒരു ശിവക്ഷേത്രത്തിന്റെ രൂപത്തിലാണ് ഇത് നിമിച്ചിരിക്കുന്നത്. ഇതിനെ നാഗര ശൈലി എന്നാണ് വിളിക്കുന്നത്. ക്ഷേത്രത്തിന് അകത്ത് നാല് ദിശയിലേക്കും വാതിലുകളുണ്ട്. ഇത് നാല് പ്രധാന ദിശകളിലേക്കാണ് തുറക്കുന്നത്.

ക്ഷേത്രത്തിന് ചുറ്റും ചിതറിക്കിടക്കുന്ന നിർമിതികൾ പഴയ മണ്ഡലേശ്വർ ശിവക്ഷേത്രത്തിന്റെ മണ്ഡപങ്ങളും ശിൽപങ്ങളുമാണെന്നാണ് കരുതപ്പെടുന്നത്.

ഇന്നും ഈ ക്ഷേത്രത്തിൽ മുടങ്ങാതെ ആരാധന നടക്കുന്നുണ്ട്. കിഴക്കേ ഇന്ത്യയിൽ ദുർഗാ ദേവിയെ ആരാധിക്കുന്നതിന് സമാനമായ താന്ത്രിക ആരാധനാ രീതി തന്നെയാണ് ഈ ക്ഷേത്രത്തിലെയും ആരാധനാ രീതി.

mundeshwari-temple-bihar-

ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടത്തിൽ ദ്വാരപാലകർ, ഗംഗാ ദേവി, യമുനാ ദേവി തുടങ്ങിയവരുടെ ചിത്രങ്ങൾ കൊത്തിവച്ചിട്ടുണ്ട്. മുണ്ഡേശ്വരി ദേവിയും ചതുർമുഖ ശിവലിംഗവുമാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിലെ പ്രധാന പ്രതിഷ്ഠകൾ.

അസാധാരണമാ രൂപകൽപനയിലുള്ള രണ്ട് കൽപാത്രങ്ങളും ശ്രീകോവിലിനുള്ളിലുണ്ട്. ശ്രീകോവിലിന്റെ മദ്ധ്യ ഭാഗത്തായിട്ടാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീകോവിലിന് ഉള്ളിൽ മറ്റൊരു ചെറിയ കോവിലിനുള്ളിലാണ് മഹിഷാസുരമർദിനി അവതാരത്തിലുള്ള ദുർഗാ ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

എരുമപ്പുറത്ത് വരുന്ന പത്ത് കൈകളോട് കൂടിയ ദുർഗാ ദേവിയുടെ അവതാരമാണ് മഹിഷാസുരമർദിനി. ക്ഷേത്രത്തിനുള്ളിൽ ഗണപതി, സൂര്യൻ, വിഷ്ണു എന്നവരുടെ പ്രതിഷ്ഠയുമുണ്ട്. ക്ഷേത്രത്തിലെ പല ഭാഗങ്ങളും, പ്രതിഷ്ഠകളും ചിതറിക്കിടക്കുന്ന നിലയിലാണ്.

mundeshwari-temple-bihar-

പാട്ന, ഗയ, വാരണാസി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് റോഡ് മാർഗം ഇവിടെയെത്താം. മൊഹാനിയ ഭാബുവ റോഡ് സ്റ്റേഷനാണ് ക്ഷേത്രത്തിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇവിടെ നിന്ന് റോഡ് മാർഗം 22 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. 102 കിലോമീറ്രർ അകലെ വാരണാസിയിലുള്ള ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള എയർപോർട്ട്.