
ന്യൂഡൽഹി: കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിലാണ് സോണിയ ഇപ്പോൾ. ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ജൂണ്‍ രണ്ടിനാണ് സോണിയ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന് അവർ ഇ ഡിയുടെ നോട്ടീസിന് മറുപടി നൽകിയിരുന്നു. ജൂൺ എട്ടിന് ഹാജരാകാനാണ് ഇ ഡി ആവശ്യപ്പെട്ടത്. എന്നാൽ സോണിയ ബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്ന് ജൂൺ 23ന് ഹാജരാകാൻ പുതിയ നോട്ടീസ് അയച്ചിരിക്കുകയാണ്. ഇതേ കേസിൽ ജൂൺ 13ന് ഹാജരാകാൻ രാഹുൽ ഗാന്ധിയോടും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വിദേശത്തായതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്ന് രാഹുൽ അറിയിക്കുകയായിരുന്നു.