elephant-revenge

ഭുവനേശ്വർ: ആനപ്പക കൊന്നാലും അടങ്ങില്ലെന്ന ചൊല്ല് അറം പറ്റി. വൃദ്ധയെ ചവിട്ടിക്കൊന്ന കാട്ടാന, അവരുടെ മൃതദേഹം ചിതയിൽ നിന്ന് വലിച്ചെടുത്ത് ചവിട്ടിയ ശേഷം ദൂരേക്ക് വലിച്ചെറിഞ്ഞു.

ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലെ റായ്‌പാൽ ഗ്രാമത്തെ വിറപ്പിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒരു കാട്ടാന കൊലവിളിച്ചത്.

ഗ്രാമത്തിലെ കുഴൽക്കിണറിൽ നിന്ന് വെള്ളം കോരുമ്പോഴാണ് 70കാരിയായ മായാ മുർമുവിനെ ദൽമ വന്യജീവി സങ്കേതത്തിൽ നിന്ന് വഴിതെറ്റിവന്ന കാട്ടാന ആക്രമിച്ചത്.

ആനയെ കണ്ട് ഭയന്നോടിയ മായയെ ആന പിന്തുടർന്ന് പിടികൂടി നിലത്തിട്ട് ചവിട്ടി. നാട്ടുകാർ മായയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് റാസ്‌ഗോവിന്ദ്പൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ലോപാമുദ്ര നായക് പറഞ്ഞു.

വൈകിട്ട് മായയുടെ സംസ്‌കാരം നടക്കുന്നതിനിടെ ഇതേ ആന വീണ്ടുമെത്തി. കുടുംബാംഗങ്ങളും നാട്ടുകാരും നോക്കി നിൽക്കെ, മായയുടെ മൃതദേഹം തുമ്പിക്കൈകൊണ്ട് ചിതയിൽ നിന്ന് വലിച്ചെടുത്ത് താഴെയിട്ട് വീണ്ടും ചവിട്ടി. പിന്നെ ദൂരേക്ക് വലിച്ചെറിഞ്ഞ ശേഷം ആന കാട്ടിലേക്ക് ഓടിപ്പോയി. ഭയന്ന നാട്ടുകാരും വീട്ടുകാരും മണിക്കൂറുകൾ കഴിഞ്ഞാണ് മായയുടെ അന്ത്യ കർമങ്ങൾ നടത്തിയത്.

ആനകളും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങൾ ഒഡിഷയിൽ പതിവാണ്.