
മുംബയ്: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് എന്ന് പേര് ഇപ്പോൾ തന്നെ ബിസിസിഐക്ക് സ്വന്തമാണ്. ആ സമ്പത്ത് ഇനിയും ഉയരാൻ പോകുകയാണ്. കാരണം ഐപിഎല്ലിന്റെ 2023 മുതൽ 2027 വരെയുള്ള അഞ്ചുവർഷത്തെ മീഡിയ അവകാശങ്ങൾ വിൽക്കുന്നതിനുള്ള ലേലം വിളി നിലവിൽ എത്തിനിൽക്കുന്നത് 42,000 കോടി രൂപയിലാണ്. ലേലം നടക്കുന്നത് ഓൺലൈൻ ആയിട്ടായതിനാൽ ഈ തുക ഇനിയും ഉയരാനാണ് സാദ്ധ്യത.
2017ൽ മീഡിയ അവകാശങ്ങൾ വിൽക്കുമ്പോൾ ബിസിസിഐക്ക് ലഭിച്ചതിന്റെ മൂന്നിരട്ടിയാണ് ഇപ്പോഴത്തെ തുക. 2023-2027 കാലഘട്ടത്തിലെ ഐപിഎല്ലിൽ ഓരോ സീസണിലും 74 മത്സരങ്ങൾ വീതമായിരിക്കും നടക്കുക. ഈ സമയം തന്നെ മത്സരങ്ങളുടെ എണ്ണം 94 ആയി ഉയർത്താനുള്ള സാദ്ധ്യതയും ബിസിസിഐ ലേലത്തിൽ പങ്കെടുക്കുന്നവർക്ക് നൽകുന്നുണ്ട്.
നേരത്തെ ആമസോൺ വരെ ലേലത്തിൽ പങ്കെടുത്തിരുന്നെങ്കിലും ലേലം പുരോഗമിച്ചതോടെ അവർ പിന്മാറുകയായിരുന്നു. നിലവിൽ റിലയൻസ്, ഡിസ്‌നി സ്റ്റാർ, സീ നെറ്റ്‌വർക്ക്, സോണി എന്നിവരാണ് ലേലത്തിന്റെ മുൻനിരയിൽ ഉള്ളത്. നാല് പാക്കേജുകളിലായാണ് ലേലം വിളി നടക്കുന്നത്. ഇതിൽ എ, ബി പാക്കേജുകളിൽ പങ്കെടുക്കുന്നവർക്ക് 1000 കോടി രൂപയുടെ ആസ്തിയും ബി, സി പാക്കേജുകളിൽ പങ്കെടുക്കുന്നവർക്ക് 500 കോടി രൂപയുടെ ആസ്തിയുമാണ് ബിസിസിഐ ആവശ്യപ്പെടുന്നത്.