nunez

ലണ്ടൻ : ഈ സീസണിൽ ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് സ്വന്തമാക്കാൻ കൊതിച്ചിരുന്ന ബെൻഫിക്കയുടെ ഉറുഗ്വേയൻ സ്‌ട്രൈക്കർ ഡാർവിന്‍ ന്യൂനസിനെ റാഞ്ചി ലിവർപൂൾ. 100 മില്യൺ യൂറോ (ഏകദേശം 782 കോടി രൂപ) മുടക്കി ക്ളബിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം എന്ന റെക്കാഡുമായാണ് ന്യൂനസിനെ ലിവർപൂൾ സ്വന്തമാക്കിയത്. നിലവിൽ ഡിഫൻഡർ വിർജിൽ വാൻ ഡൈക്കാണ് ലിവർപൂളിൽ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന താരം. വാൻ ഡൈക്കിനെ 75 മില്യൺ യൂറോ (582 കോടി രൂപ) മുടക്കിയാണ് ലിവർപൂൾ ടീമിലെത്തിച്ചിരുന്നത്.

ബെൻഫിക്കയ്ക്ക് വേണ്ടി 2020 സെപ്തംബർ മുതൽ പന്തുതട്ടുന്ന ന്യൂനസ് 85 മത്സരങ്ങളിൽ നിന്നായി 48 ഗോളുകൾ നേടിയിട്ടുണ്ട്. ലിവർപൂൾ അഞ്ചുമാസത്തിനിടയിൽ ടീമിലെത്തിക്കുന്ന രണ്ടാമത്തെ സൗത്ത് അമേരിക്കൻ താരമാണ് ന്യൂനസ്. നേരത്തേ പോർട്ടോയിൽനിന്ന് മുന്നേറ്റതാരം ലൂയിസ് ഡയസിനെ ചെമ്പട ആൻഫീൽഡിൽ എത്തിച്ചിരുന്നു.

22 കാരനായ ന്യൂനസ് ബെൻഫിക്കയിൽ തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. അഞ്ചുവർഷത്തെ കരാറിലാണ് ന്യൂനസ് ലിവർപൂളിലെത്തുന്നത്. സൂപ്പർ താരം സാദിയോ മാനെ അടുത്ത സീസണിൽ ലിവർപൂൾ വിടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതുകൊണ്ടുതന്നെ മാനെയ്ക്ക് പകരം മികച്ച ഒരു സ്‌ട്രൈക്കറെ ലിവർപൂൾ കോച്ച് യൂർഗൻ ക്ലോപ്പ് തേടുകയായിരുന്നു. മാനെ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുമെന്നാണ് അഭ്യൂഹം.