
കൊൽക്കത്ത: ഇന്നലെ കൊൽക്കത്തയിൽ നടന്ന എഎഫ്സി കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ വിജയിച്ച ഇന്ത്യൻ താരങ്ങളെ കായികമായി നേരിട്ട് അഫ്ഗാനിസ്ഥാൻ ടീമംഗങ്ങൾ. മത്സരശേഷം കളിക്കാർ കൈകൊടുത്ത് പിരിയുന്നതിനിടെയായിരുന്നു അഫ്ഗാൻ താരങ്ങൾ ഇന്ത്യൻ കളിക്കാരെ കായികമായി നേരിട്ടത്. ട്വിറ്ററിൽ പ്രചരിക്കുന്ന വീഡിയോയിൽ ഇന്ത്യൻ പ്രതിരോധ താരം ആകാശ് മിശ്രയുമായി അഫ്ഗാനിസ്ഥാൻ താരം ഒമ്രാൻ ഹൈദാരി വാക്കേറ്റത്തിലേർപ്പെടുന്നതും പിന്നാലെ വന്ന മദ്ധ്യനിരതാരം സൊഹിബ് അമീരി ആകാശിനെ പിടിച്ചുകൊണ്ട് പോകുന്നതും കോളറിൽ പിടിച്ച് വലിച്ചശേഷം ദേഹത്ത് പിടിച്ചു തല്ലുന്നതും വ്യക്തമാണ്. ഈ സംഭവം നടക്കുമ്പോൾ ആകാശിന് ഒപ്പം വിംഗ് ബാക്ക് കളിച്ച റോഷൻ സിംഗ് മാത്രമാണ് ഉണ്ടായിരുന്നത്.
India vs Afghanistan Fight 🔥🔥#IndianFootball #ISL #BlueTigers pic.twitter.com/jlvU1P8CKe
— Navaneed M 🏳️🌈 (@mattathil777777) June 12, 2022
ആകാശിനെയും റോഷനെയും അമീരി ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു അമീരിയെ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും അഫ്ഗാനിസ്ഥാൻ കളിക്കാരും സപ്പോർട്ട് സ്റ്റാഫും കൂട്ടമായി എത്തി ഇന്ത്യൻ താരങ്ങളെ ആക്രമിക്കുകയായിരുന്നു. പിന്നാലെ എത്തിയ ഇന്ത്യൻ താരങ്ങളിൽ ചിലരും കയ്യാങ്കളിയിൽ ചേർന്നതോടെ കൂട്ടത്തല്ലായി മാറി. ഇതിനിടെ അഫ്ഗാനിസ്ഥാനിന്റെ സപ്പോർട്ട സ്റ്റാഫിലെ ഒരംഗം ഗൂർപ്രീതിനെ തല്ലുകയും ചെയ്തു. ഒടുവിൽ ഇന്ത്യൻ ക്യാപ്ടൻ സുനിൽ ഛെത്രി, പരിശീലകൻ ഇഗോർ സ്റ്റിമാച്ച്, ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു, മലയാളി താരം സഹൽ എഎഫ്സി ഒഫിഷ്യൽസ് എന്നിവർ ചേർന്നാണ് കളിക്കാരെ പിടിച്ചുമാറ്റുന്നത്.
അടിക്കുള്ള കാരണം വ്യക്തമല്ലെങ്കിലും മത്സരത്തിനിടെയുണ്ടായ ചില സംഭവങ്ങൾ തന്നെയാണ് പിന്നിലെന്നാണ് കരുതുന്നത്. മത്സരത്തിൽ തുടക്കം മുതൽ അഫ്ഗാനിസ്ഥാൻ താരങ്ങൾ പരുക്കൻ കളിയാണ് പുറത്തെടുത്തിരുന്നത്. ആകാശ് മിശ്രയും ഒമ്രാൻ ഹൈദാരിയും കളിച്ചിരുന്നത് ഒരേ വിംഗിലായിരുന്നതിനാൽ തന്നെ ഇരുവരും തമ്മിൽ കോർക്കുന്ന നിരവധി സന്ദർഭങ്ങൾ മത്സരത്തിനിടയിലുണ്ടായിരുന്നു. പോരാത്തതിന് ഇന്ത്യൻ ക്യാപ്ടൻ സുനിൽ ഛെത്രിയെ നിരവധി തവണ ഫൗൾ ചെയ്തതിന് അമീരിയെ റഫറി ഒന്നിലേറെ തവണ താക്കീതും നൽകിയിരുന്നു.
മത്സരത്തിന് ശേഷമുണ്ടായ കൂട്ടത്തല്ലിനെ കുറിച്ച് എഎഫ്സി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും താരങ്ങൾക്കെതിരെ നടപടി വരാൻ സാദ്ധ്യതയുണ്ട്. മാച്ച് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.