
കൊവിഡ് ഒഴിച്ചു നിറുത്തിയാൽ കേരളം അനുഭവിച്ച ഏറ്റവും വലിയ ദുരന്തം 2018 ലെ വെള്ളപ്പൊക്കവും 2017ലെ ഓഖിയുമായിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം കേരളത്തിൽ പ്രകൃതിദുരന്തങ്ങളുടെ എണ്ണവും വ്യാപ്തിയും വർദ്ധിച്ചുവരികയാണ്. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പഠിക്കുകയും അതിന്റെ ആഘാതം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുകയുമാണ് ഇപ്പോൾ ചെയ്യേണ്ടത്. നിർഭാഗ്യവശാൽ ഇതിനെ പ്രകൃതിയുടെ വികൃതിയായി വ്യാഖ്യാനിക്കുകയാണ് നമ്മുടെ സമൂഹത്തിലെ വലിയൊരു ശതമാനം പേരും. സമുദ്രനിരപ്പിന്റെ ഉയരം സംബന്ധിച്ച് നാസയുടെ പുതിയ പഠനപ്രകാരം കേരളത്തിൽ വരുംദശകങ്ങളിൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. അറബിക്കടലിലെ സമുദ്രതാപനം മൂലം മത്സ്യബന്ധനം കുറയുകയും അത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അന്തരീക്ഷത്തിലും മണ്ണിലും താപനിലയിലുണ്ടാവുന്ന വർദ്ധന കാർഷികവിളകളുടെയും നാണ്യവിളകളുടെയും ഉത്പാദനം കുറയാനിടയാക്കും. ഇത് പശ്ചിമഘട്ടമേഖലയിലെ ജൈവവൈവിദ്ധ്യത്തെ പ്രതികൂലമായി ബാധിക്കും. കന്നുകാലികൾക്കും അത് ഭീഷണിയാവും.
ഗ്രീൻ ഹൗസ് വാതകങ്ങളുടെ ബഹിർഗമനം താപനില ഉയരാനിടയാക്കും.  സമുദ്രജലം അപകടകരമായ വിധത്തിൽ ഉയരും. കഴിഞ്ഞ മൂന്നുദശകങ്ങളിലായി അറബിക്കടലിലെ താപം ബംഗാൾ ഉൾക്കടലിലുള്ളതിനേക്കാൾ അധികമാണ്. ഇന്ത്യയിലെ പടിഞ്ഞാറൻ തീരത്തുണ്ടാകുന്ന കനത്തമഴയ്ക്കും കൊടുങ്കാറ്റിനും താപനിലയിലുള്ള ഈ വർദ്ധനവാണ് കാരണം. ആഗോളതലത്തിൽ സമുദ്രതാപനം 0.8 ഡിഗ്രി മുതൽ 0.9 ഡിഗ്രി വർദ്ധിച്ചപ്പോൾ അറബിക്കടലിൽ അത് 1.2 മുതൽ 1.4 വരെയായിരുന്നു. ഇത് കേരളത്തിലെ അന്തരീക്ഷ താപനം വർദ്ധിപ്പിക്കാൻ ഇടയാക്കും. 2019ലെയും 2021ലെയും വെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും ഇടയാക്കിയത് താപനിലയിലുണ്ടായ വർദ്ധനവും അതിനെ തുടർന്നുണ്ടായ മഴയുമാണെന്ന് കൊച്ചി സർവകലാശാലയുടെ പഠനം വെളിവാക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്യുന്ന കനത്തമഴയെ ഉൾക്കൊള്ളാൻ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിക്ക് കഴിഞ്ഞതുമില്ല. മാധവ് ഗാഡ്ഗിൽ സൂചിപ്പിച്ചതുപോലെ മലഞ്ചെരിവുകളിലെ ഖനനവും നിർമ്മാണ പ്രവർത്തനങ്ങളും വനഭൂമിയുടെ തരംമാറ്റവും കൂടിയായപ്പോൾ ആഘാതം കനത്തതായി. സമയം വിട്ടെത്തിയ മഴയും താപനിലയിലെ വർദ്ധനവും 2016ലെ വരൾച്ചയ്ക്കും കാരണമായി.
കാലാവസ്ഥ വ്യതിയാനത്തെ എങ്ങനെ നേരിടണമെന്നതാണ് മനുഷ്യസമൂഹം നേരിടുന്ന വെല്ലുവിളി. എന്നിട്ടും കാർബൺ വികിരണത്തിടയാക്കുന്ന വസ്തുക്കൾ കത്തിക്കുന്നത് ഇപ്പോഴും നിയന്ത്രണമില്ലാതെ തുടരുകയാണ്. ആഗോളതലത്തിലുള്ള കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ കേരളത്തിന് മാത്രം എന്തുചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുന്നവരുണ്ട്. അതിൽ കുറെയൊക്കെ യാഥാർത്ഥ്യമുണ്ടുതാനും. എന്നിരുന്നാലും കാർബണീകരണം കുറയ്ക്കാനുള്ള നടപടികൾ നാം സ്വീകരിക്കേണ്ടത് അനിവാര്യമാണ്. പരിസ്ഥിതി ദുർബല മേഖലയിലെ ഖനനവും നിർമ്മാണവും അടിയന്തരമായി ഇല്ലാതാക്കണം. പാവപ്പെട്ടവരായിരിക്കും ആദ്യം ദുരന്തമുഖത്ത് പെടുക. ദുരന്തങ്ങളെക്കുറിച്ചുള്ള മുൻകൂർ സൂചനകൾ അവർക്ക് നൽകാനും രക്ഷാകവചം ഒരുക്കാനുമുളള അടിയന്തര തയ്യാറെടുപ്പുകൾ അധികൃതർ സ്വീകരിക്കണം. ഊർജ്ജലഭ്യതക്കുറവ്, ഭക്ഷ്യവസ്തുക്കളുടെ അപര്യാപ്തത തുടങ്ങിയവയും കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാവും. ധനവിഭവ സ്രോതസുകളുടെ കുറവുണ്ടെങ്കിലും ദുരന്തനിവാരണം, അതിന്റെ മാനേജ്മെന്റ് എന്നിവയ്ക്കായി സർക്കാർ കൂടുതൽ പണം വകയിരുത്തണം. കേരളത്തെപ്പോലെ ജപ്പാനും പ്രകൃതി ദുരന്തങ്ങൾ എപ്പോഴും നേരിടുന്നു. അവർ ജി.ഡി.പിയുടെ അഞ്ച് ശതമാനം ദുരന്ത നിവാരണത്തിന് ചെലവിടുമ്പോൾ കേരളം ജി.എസ്.ഡി.പിയുടെ മൂന്നു ശതമാനമെങ്കിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണം. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ബോധവത്കരണമാണ് ഈ മേഖലയിലെ ആദ്യത്തെ കർമ്മപരിപാടി. പുതിയ മാറ്റത്തെ ഉൾക്കൊള്ളാൻ പ്രാദേശിക തലത്തിലെ ശാക്തീകരണവും വികേന്ദ്രീകൃത ആസൂത്രണവും വേണം. ഭരണാധികാരികളിൽ സമ്മർദ്ദം ചെലുത്തി നയപരമായ തീരുമാനങ്ങളെടുപ്പിക്കാനായുള്ള ജനകീയ മുന്നേറ്റത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു.
വിനോദ് തോമസ് ലോകബാങ്ക്
മുൻ വൈസ് പ്രസിഡന്റും
ഗാനപുതുകുളത്തിൽ ഗോപി
കേംബ്രിഡ്ജ് സർവകലാശാലയിൽ ഗവേഷകനുമാണ്