
ആലപ്പുഴ: ആയുർവേദവും വിനോദ സഞ്ചാരവും സമന്വയിപ്പിക്കുന്നതിന് അനുകൂലമായ സമീപനം സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.
കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയുർവേദവും വിനോദ സഞ്ചാരവും സമന്വയിപ്പിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളതാണ്. ആയുർവേദമേഖലയിൽ കാലാനുസൃതമായ പരിഷ്‌കാരങ്ങൾ നടപ്പാക്കണം. പാരമ്പര്യവും ആധുനികതയും പരസ്പരം ബന്ധിപ്പിക്കാൻ ശ്രമിക്കണം. നമ്മൾ വെറുതെയിരുന്നാൽ ആമയും മുയലും സഞ്ചരിച്ചതുപോലെ ആയുർവേദത്തിലുള്ള മേൽക്കൈ മറ്റു സംസ്ഥാനങ്ങൾ കൊണ്ടുപോകും.
കുട്ടനാട്ടിൽ അർബുദ രോഗം ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിന്റെ കാരണം കണ്ടെത്താൻ ഗവേഷണം അനിവാര്യമാണ്. ആരോഗ്യമേഖലയിലെ കേന്ദ്ര ഫണ്ടുകൾ കൃത്യമായി ചെലവഴിക്കുന്നില്ലെന്നതിന്റെ തെളിവാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടം തുറന്നു കൊടുക്കാത്തതും പഞ്ചകർമ്മ സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടം നിർമ്മാണം പാതിവഴിയിൽ നിലച്ചതുമെന്നും മന്ത്രിപറഞ്ഞു.