mutual-funds

കൊച്ചി: ഓഹരിവിപണികൾ തളർച്ചയുടെ ട്രാക്കിലാണെങ്കിലും ഇക്വിറ്റി അധിഷ്‌ഠിത മൂച്വൽഫണ്ടുകളിലേക്ക് നിക്ഷേപം ഒഴുകുന്നു. മേയിൽ ഇക്വിറ്റി മ്യൂച്വൽഫണ്ടിലേക്ക് 18,529.43 കോടി രൂപയുടെ നിക്ഷേപമെത്തിയെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി) വ്യക്തമാക്കി. ഏപ്രിലിൽ ലഭിച്ചത് 15,890.38 കോടി രൂപയായിരുന്നു.

ഇക്വിറ്റി എം.എഫിൽ 2,938.93 കോടി രൂപ നേടി ഫ്ളെക്‌സികാപ്പ് ഫണ്ടുകളാണ് ഏറ്റവുമധികം നിക്ഷേപം കഴിഞ്ഞമാസം നേടിയത്. 2,485.37 കോടി രൂപ നേടി ലാർജ് കാപ്പ് ഫണ്ടുകൾ രണ്ടാമതെത്തി. അതേസമയം, കടപ്പത്രവിഭാഗം 32,722.25 കോടി രൂപയുടെ നിക്ഷേപനഷ്‌ടം നേരിട്ടു. മേയിൽ ആഭ്യന്തര നിക്ഷേപകർ (ഡി.ഐ.ഐ) 50,835.54 കോടി രൂപയുടെ നിക്ഷേപം മ്യൂച്വൽഫണ്ടുകളിൽ നടത്തിയെങ്കിലും വിദേശ പോർട്ട്‌ഫോളിയെ നിക്ഷേപകർ (എഫ്.ഐ.ഐ) നിക്ഷേപം തിരിച്ചെടുത്തത് തിരിച്ചടിയായി. മേയിൽ മ്യൂച്വൽഫണ്ട് സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി (എ.യു.എം) 7,532.54 കോടി രൂപ ഇടിഞ്ഞ് 37.22 ലക്ഷം കോടി രൂപയിലെത്തി.

എസ്.ഐ.പിയിൽ കുറവ്

മ്യൂച്വൽഫണ്ടുകളിൽ തവണകളായി നിക്ഷേപം നടത്താവുന്ന പദ്ധതിയായ സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ളാനിലൂടെ (എസ്.ഐ.പി) നിക്ഷേപലോകത്തേക്ക് എത്തുന്നവരുടെ എണ്ണം മേയിൽ കുറഞ്ഞു. 19.7 ലക്ഷം പുതിയ എസ്.ഐ.പികളാണ് കഴിഞ്ഞമാസം പുതുതായി രജിസ്‌റ്റർ ചെയ്‌തത്. കഴിഞ്ഞ 12 മാസത്തിനിടെയിലെ ഏറ്റവും കുറവാണിത്.

കഴിഞ്ഞ അഞ്ചുമാസത്തെ പ്രതിമാസ ശരാശരിയായ 23 ലക്ഷത്തേക്കാൾ 15 ശതമാനവും കുറവാണിത്. ആഗോളതലത്തിൽ ഓഹരിവിപണികൾ നേരിടുന്ന തളർച്ചയാകാം നിക്ഷേപകരെ അകറ്റിനിറുത്തുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.