kk

ന്യൂഡൽഹി: പ്രവാചക വിരുദ്ധ പരാമർശത്തിന്റെ പേരിൽ ഗൾഫ് മേഖലയിൽ പ്രതിഷേധം നിലനിൽക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജർമ്മനിയിലേക്കുള്ള യാത്രയ്ക്കിടെ ഈ മാസം അവസാനമാകും സന്ദർശനമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ജൂൺ 26 മുതൽ 28 വരെ ബവേറിയൻ ആൽ‌പ്സിലെ ഷ്‌ലോസ് എൽമാവുവിലാണ് ജി 7 ഉച്ചകോടി നടക്കുന്നത്. യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ സന്ദർശനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയും ഇസ്രായേലും ഉൾപ്പെടുന്ന പശ്ചിമേഷ്യൻ ക്വാഡിന്റെ ഭാഗമാണ് യു.എ.ഇയും ഇന്ത്യയും. ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത വ്യാപാര പങ്കാളി കൂടിയാണ് യു.എ.ഇ. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് യു.എ.ഇ.