cow

പ്രയാഗ്‌രാജ്: വിചിത്രമായ ഒരു ഉത്തരവാണ് കുറച്ചു ദിവസങ്ങളായി വാട്സാപ്പിലെ താരം. ഉത്തരവ് അനുസരിച്ച് ഉത്തർപ്രദേശിലെ ഫത്തേഹ്പൂറിലെ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ഐഎഎസ് ഉദ്യോഗസ്ഥ അപൂർവ ദുബെയുടെ വീട്ടിലെ പശുവിനെ ചികിത്സിക്കുന്നതിന് വേണ്ടി പ്രദേശത്തെ ഏഴ് മൃഗ ഡോക്ടർമാരെയാണ് നിയമിച്ചിരിക്കുകയാണ്. ഹിന്ദിയിൽ തയ്യാറാക്കിയ ഉത്തരവിൽ ഓരോ ദിവസവും ചുമതലയെടുക്കേണ്ട ഓരോ ഡോക്ടർമാരുടെയും പേരുകളും ഉണ്ട്. ചീഫ് വെറ്റിനറ‌റി ഓഫീസറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ജില്ലാ മജിസ്ട്രേറ്റിന്റെ പശുവിന് മസ്തിഷ്ക ജ്വരം ബാധിച്ചിരിക്കുകയാണെന്നും അകിടിൽ പാൽ കെട്ടിക്കിടക്കുകയാണെന്നും അതിനുള്ള പരിഹാരം കണ്ടെത്തുകയാണ് ഡോക്ടർമാരുടെ പ്രധാന ജോലിയെന്നും ഉത്തരവിൽ എടുത്തു പറയുന്നു. കൂടാതെ ഏതെങ്കിലും ഒരു ഡോക്ടർ അവധിയിൽ പ്രവേശിച്ചാൽ മറ്റൊരു ഡോക്ടർ നിർബന്ധമായും ആ പശുവിനെ ചികിത്സിച്ചിരിക്കണമെന്നും ഉത്തരവിലുണ്ട്.

ഒറ്റനോട്ടത്തിൽ ഉത്തരവ് വാട്സാപ്പിൽ സ്ഥിരമായി പ്രത്യക്ഷപ്പെടാറുള്ള ഒരു വ്യാജ സന്ദേശമായി തോന്നാമെങ്കിലും യഥാർത്ഥത്തിൽ ഇത്തരമൊരു ഉത്തരവ് പ്രയാഗ്‌രാജിലെ ചീഫ് വെറ്റിനറി ഓഫീസർ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ സംഭവം വിവാദമായപ്പോൾ പിൻവലിച്ചെന്നാണ് കരുതുന്നത്. ജൂൺ 9ന് പുറപ്പെടുവിച്ച ഉത്തരവിൽ ഒഫിഷ്യേറ്റിംഗ് ചീഫ് വെറ്റിനറ‌റി ഓഫീസർ ഡോ എസ് കെ തിവാരിയാണ് ഒപ്പിട്ടിരിക്കുന്നത്. ഡിസ്പാച്ച് ലെറ്റർ രേഖകൾ അനുസരിച്ച് ഒഫീഷ്യേറ്റിംഗ് സിവിഒ ജൂൺ 9 ന് 544ാം നമ്പർ ഓർഡറായി ഉത്തരവ് പുറപ്പെടുവിക്കുകയും 545ാം നമ്പർ എൻട്രിയായി പിറ്രേദിവസം തന്നെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ഭിത്തൗറ, എരായൻ, ഉകത്തു, ഗാസിപൂർ, മാൾവ, അസോത്താർ, ഹസ്‌വ എന്നിവിടങ്ങളിലെ മൃഗഡോക്ടർമാരോടാണ് രാവിലെയും വൈകുന്നേരവും ദിവസവും രണ്ടുതവണ രോഗം ബാധിച്ച പശുവിനെ പരിശോധിക്കാൻ ഉത്തരവിട്ടിട്ടുള്ളത്.

എന്നാൽ ഇത് തന്റെ അറിവില്ലാതെ പുറപ്പെടുവിച്ച ഉത്തരവാണെന്നും തനിക്ക് ഇതിൽ ഒരു പങ്കുമില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് അപൂർവ ദുബെ വ്യക്തമാക്കി. പശുക്കളുടെ ആരോഗ്യസംരക്ഷണത്തിലും വേനൽക്കാലത്ത് പശുസംരക്ഷണ കേന്ദ്രങ്ങളിൽ വൈക്കോൽ ശേഖരണം, ജല ക്രമീകരണം, മതിയായ വൈദ്യസഹായം എന്നിവ ലഭ്യമാക്കുന്നതിലും സിവിഒമാർ കൃത്വിലോപം കാണിക്കാറുണ്ടെന്നും ഇതിനെതിരെ താൻ നിരവധി തവണ പ്രതികരിച്ചിട്ടുണ്ടെന്നും മജിസ്ട്രേറ്റ് പറ‌ഞ്ഞു. ഇത്തരക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് താൻ ഉന്നതഉദ്യോഗസ്ഥർക്ക് എഴുതിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായിട്ടാകണം ഇപ്പോൾ തന്റെ പശുവിന് വേണ്ടി ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കരുതുന്നതെന്ന് മജിസ്ട്രേറ്റ് മാദ്ധ്യമങ്ങളോട് പറ‌ഞ്ഞു.