
ചാരുംമൂട്: സ്കൂട്ടറിൽ പിന്തുടർന്ന് പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി എസ്.ഐയെ വാളിന് വെട്ടിപ്പരിക്കേൽപ്പിച്ചയാളെ പിടികൂടി. നൂറനാട് മുതുകാട്ടുകര എള്ളുംവിളയിൽ സുഗതനാ(48)ണ് പിടിയിലായത്. നൂറനാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ ചാർജുള്ള എസ്.ഐ തിരുവനന്തപുരം മലയിൻകീഴ് കുഴിവിള അകത്തു വീട്ടിൽ വി.ആർ.അരുൺ കുമാറി (37)നാണ് വെട്ടേറ്റത്.
ഇന്നലെ വൈകുന്നേരം 6 മണിയോടെ പൊലീസ് സ്റ്റേഷനു സമീപം പാറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. വെട്ടേറ്റ് സാരമായി പരിക്കേറ്റെങ്കിലും പ്രതിയെ പിടികൂടിയശേഷമാണ് എസ്. ഐ നൂറനാട്ടുള്ള സ്വകാര്യാശുപത്രിയിൽ
ചികിത്സ തേടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
മദ്യപിച്ച് സുഗതൻ സഹോദരനോടും ഭാര്യയോടും നിരന്തരം വഴക്കുണ്ടാക്കുന്നുവെന്ന പരാതിയിൽ സുഗതനെ ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് മാതാപിതാക്കൾക്കൊപ്പം സ്റ്റേഷനിലെത്തിയ ഇയാളുടെ പെരുമാറ്റം മോശമായി തോന്നിയതോടെ തിങ്കളാഴ്ച വരാൻ പറഞ്ഞ് വിട്ടയച്ചിരുന്നു. വൈകിട്ട് പട്രോളിംഗ് ഡ്യൂട്ടിക്കായി എസ്.ഐ ജീപ്പിൽ വരുകയായിരുന്നു. ഡ്രൈവർ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്കൂട്ടറിൽ വന്ന പ്രതി പാറ ജംഗ്ഷനിൽ ജീപ്പ് വേഗത കുറച്ചപ്പോൾ സ്കൂട്ടർ വട്ടം വച്ച് ജീപ്പിൽ നിന്നും ഇറങ്ങിയ എസ്.ഐയെ കഴുത്തിന് വെട്ടുകയായിരിക്കുന്നു. തടഞ്ഞപ്പോൾ ഇടതു കൈയ്ക്ക് പരിക്കേറ്റെങ്കിലും എസ്.ഐ അക്രമിയെ പിടികൂടി ജീപ്പിൽ കയറ്റിയ ശേഷമാണ് ആശുപത്രിയിലേക്ക് പോയത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എസ്.ഐയെ സന്ദർശിച്ചു.