pic

കീവ് : ബോറിസ് ജോൺസൺ ആരാണെന്ന് ചോദിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന് നമ്മൾ ഉത്തരം പറയും. എന്നാൽ, യുക്രെയിന്റെ തലസ്ഥാനമായ കീവിലെ സവെർറ്റൈലോ കഫേ ബേക്കറിയിൽ ചെന്ന് ബോറിസ് ജോൺസൺ എന്ന് പറഞ്ഞാൽ രുചിയേറിയ പഫ് പേസ്ട്രി മുന്നിലെത്തിക്കും.! അതേ, ബ്രിട്ടീഷ് പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി തങ്ങളുടെ സ്പെഷ്യൽ പേസ്ട്രിയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിരിക്കുകയാണ് കീവിലെ ഈ ബേക്കറി.

ബോറിസ് ജോൺസന്റെ ഹെയർ സ്റ്റൈലിനെ ഓർമിപ്പിക്കുന്നതാണ് ഈ പേസ്ട്രിയുടെ രൂപം എന്നതാണ് മറ്റൊരു പ്രത്യേകത. റഷ്യ നടത്തുന്ന അധിനിവേശത്തിനിടെ തങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയോടും ജനതയോടുമുള്ള ആദരം കൂടിയാണിതെന്ന് ബേക്കറി അധികൃതർ ഓർമിപ്പിക്കുന്നു.

ഇംഗ്ലീഷ് ആപ്പിൾ പൈയുടെ മാതൃകയിലാണ് ഈ പേസ്ട്രി തയാറാക്കിയിരിക്കുന്നത്. 3 യൂറോയാണ് ( 247 രൂപ ) വില. യുക്രെയിൻ സൈന്യത്തിന് ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും ബ്രിട്ടൺ നൽകിയിരുന്നു. കൂടാതെ, യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ ബോറിസ് ജോൺസൺ കീവിലെത്തി സന്ദർശിച്ചിരുന്നു.